വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് റായിഡു; മടങ്ങി വരവ് ഇങ്ങനെ

ഹൈദരാബാദ്: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നു. എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാണെന്നാണ് സിഒഎയെ റായിഡു അറിയിച്ചിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്സ്, വിവിഎസ് ലക്ഷ്മണ്‍, നോയല്‍ ഡേവിഡ് എന്നിങ്ങനെ വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്നവര്‍ക്ക് ഈ സമയം നന്ദി പറയുകയാണെന്നും, എന്നില്‍ ഇനിയും ക്രിക്കറ്റ് ഉണ്ടെന്ന് ഇവരാണ് എന്നെ ബോധ്യപ്പെടുത്തിയത് എന്നും റായിഡു പറയുന്നു.

ലോകകപ്പ് സംഘത്തില്‍ നിന്ന് റായിഡുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. റിസര്‍വ് ലിസ്റ്റില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ധവാനും, വിജയ് ശങ്കറിനും പരിക്കേറ്റിട്ടും റായിഡുവിന് ടീമിലേക്ക് ക്ഷണം ലഭിച്ചില്ല. ധവാന് പരിക്കേറ്റപ്പോള്‍ പന്തും, വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ മായങ്ക് അഗര്‍വാളുമാണ് ഇംഗ്ലണ്ടിലേക്കെത്തിയത്.

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പുറത്തു വന്ന റായിഡു ഹൈദരാബാദിന് വേണ്ടി 2019-2020 സീസണ്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചതായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ സിഒഎയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

Top