ആ ദുരന്തത്തിലും രാഷ്ട്രീയം കാണുന്നവർ ഓർക്കണം, കത്തുന്നത് നിങ്ങൾകൂടിയാണ് !

മസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ കേരളത്തില്‍ തീപിടിച്ചത് ചില രാഷ്ട്രീയ നേതാക്കള്‍ക്കും അവരുടെ അനുയായികള്‍ക്കുമാണ്. അതുകൊണ്ടാണ് ഈ വിഷയത്തില്‍ ബ്രസീല്‍ എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തെ അവര്‍ പരിഹസിക്കുന്നത്. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയോട് മാത്രമേ ഇത്തരം പ്രവര്‍ത്തികളെ ഉപമിക്കാന്‍ കഴിയൂ.

ഡി.വൈ.എഫ്.ഐ നേതാക്കള്‍ ബ്രസീല്‍ എംബസിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തെ ആളുകളുടെ എണ്ണം നോക്കിയല്ല, ആശയത്തിന്റെ ഉദ്ദേശ ശുദ്ധി മുന്‍നിര്‍ത്തിയാണ് വിലയിരുത്തേണ്ടത്. കാവിയിലേക്കുള്ള ഖദറിന്റെ പ്രയാണം നോക്കി അന്തം വിടുന്ന എം.എല്‍.എയെ സംബന്ധിച്ച് ഒരു ആശ്വാസമായിരിക്കും ഇത്തരം ട്രോളല്‍. അത് ഏറ്റു പിടിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിനും സംഭവം ഒരു രസമായിക്കും.

എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ സ്ഥിതി അത്ര രസകരമല്ല. കമ്യൂണിസ്റ്റുകളെ പോലെ നിങ്ങള്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്സ് ഒന്നും പറയണ്ട, എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. അതിന് വിശാലമായി ലോകത്തെ കാണാന്‍ ശ്രമിക്കണം. ഭൂമിയുടെ സ്പന്ദനങ്ങള്‍ അറിയണം. ഇവിടെ ഭൂമി നിലനിന്നെങ്കിലേ മനുഷ്യരാശി തന്നെയുണ്ടാകുവെന്ന യാഥാര്‍ത്ഥ്യവും തിരിച്ചറിയണം.

ആമസോണ്‍ മഴക്കാടുകള്‍ എന്ന് പറയുന്നത് കേരളത്തിലെ ഏതെങ്കിലുമൊരു കാടായി വിലയിരുത്തുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. ലോകത്തിലെ ഓക്സിജന്റെ 20 ശതമാനവും ഉത്പാദിപ്പിക്കുന്നത് ഈ മഴക്കാട്ടില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ശുദ്ധജലം ഒഴുകുന്നതും ആമസോണ്‍ നദിയിലൂടെയാണ്.

ലോകത്തെ പത്ത് ശതമാനം ജീവിവര്‍ഗ്ഗങ്ങളാലും 40,000ത്തിലധികം സസ്യവര്‍ഗ്ഗങ്ങളാലും സമ്പന്നമാണ് ഈ മഴക്കാടുകള്‍. മുപ്പതിനായിരത്തോളം പഴവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. 39,000 കോടി വരുന്ന മരങ്ങളാണ് ആമസോണിന്റെ സമ്പത്ത്. 40,000 ഇനം സസ്യങ്ങള്‍, 2,200 ഇനം മത്സ്യങ്ങള്‍, 1,294 ഇനം പക്ഷികള്‍, 428 ഉഭയജീവികള്‍ തുടങ്ങിയവയും ആമസോണ്‍ മഴക്കാടുകളിലുണ്ട്.

ഏറെ ജൈവ കലവറയുള്ള ആമസോണിന്റെ നാശം വലിയ പ്രത്യോഘാതമുണ്ടാക്കുമെന്നാണ് ഭൗമ ശാസ്ത്രജ്ഞര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. കാട് കത്തിയതോടെ വലിയ തോതിലുള്ള പുകയും പൊടി പടലങ്ങളും മറ്റു വാതകങ്ങളുമെല്ലാം അന്തരീക്ഷത്തില്‍ വ്യാപിച്ചുകഴിഞ്ഞു. ഇത് വായു മലിനീകരണത്തിനും അന്തരീക്ഷ മലിനീകരണത്തിനുമാണ് ഇടയാക്കിയിരിക്കുന്നത്.

ഈ ജൈവ കലവറയെ സംരക്ഷിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ മാനവരാശിക്ക് തന്നെയാണ് വലിയ വില നല്‍കേണ്ടി വരിക. ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന പരസ്യം മാത്രമേ നമ്മള്‍ക്കറിയൂ . . എന്നാല്‍ ഭൂമിയുടെ യഥാര്‍ത്ഥ ശ്വാസകോശമാണ് ആമസോണ്‍ എന്നത് എത്ര പേര്‍ക്ക് അറിയാം ? സ്‌പോഞ്ചിനേക്കാള്‍ ഗുരുതരമായ സ്ഥിതിയിലൂടെയാണ് ഈ മഴക്കാടുകള്‍ ഇപ്പോള്‍ കടന്ന് പോകുന്നത്. ഭൂമിയുടെ ആ ശ്വാസകോശത്തിന് തന്നെയാണിപ്പോള്‍ തീ പിടിച്ചിരിക്കുന്നത്.

കേരളം ഭൂമിയിലല്ല എന്ന മാനസികാവസ്ഥയുള്ളവര്‍ക്ക് മറിച്ചും തോന്നാം. അത്തരക്കാരോട് സഹതപിക്കുക മാത്രമേ നിവര്‍ത്തിയുള്ളൂ. ആമസോണിലെ ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് ഇതിനകം കത്തി നശിച്ചിരിക്കുന്നത്. അനവധി മൃഗങ്ങള്‍ ഉള്‍പ്പെടെ ഭസ്മമായി കഴിഞ്ഞു. തീ അണയ്ക്കാന്‍ ഇടപെടാന്‍ ബാധ്യസ്ഥരായ ഭരണകൂടം മൗനം പാലിച്ചതാണ് സ്ഥിതിഗതികള്‍ വഷളാകാന്‍ കാരണം. അതു കൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അണപൊട്ടി ഒഴുകിയത്.

ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍, അര്‍ജന്റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളില്‍ ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ്, ഓസ്‌കാര്‍ ജേതാവ് ലിയനാര്‍ഡോ ഡികാപ്രിയോ തുടങ്ങി നിരവധി പേരാണ് ആമസോണിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഈ തീപിടുത്തം അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ വിശേഷിപ്പിച്ചത്. ഈ പ്രതികരണത്തില്‍ തന്നെ അതിന്റെ ഗൗരവവും വ്യക്തമാണ്. ‘ഞങ്ങളുടെ വീട് കത്തിയെരിയുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്ന ചിത്രം മക്രോണ്‍ ട്വിറ്ററില്‍ പങ്ക് വെച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നിന്നും, അതും ജനസംഖ്യയില്‍ രണ്ടാമതുള്ള രാജ്യത്ത് നിന്നും ഡി.വൈ.എഫ്.ഐ മാത്രമാണ് ആദ്യം പ്രതിഷേധിച്ചത്. അതിന് ആ സംഘടനയെ അഭിനന്ദിക്കുകയാണ് വേണ്ടത്.

ആമസോണ്‍ വിഷയത്തില്‍ ഇന്ത്യയില്‍ നിന്നും ശക്തമായ പ്രതിഷേധം രാഷ്ട്രീയ കക്ഷി ഭേദമന്യേ ഉയരണമായിരുന്നു. അതുണ്ടാകാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. എങ്കിലും ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിന് ശേഷം യുവരാജ് സിംങ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആമസോണിന് വേണ്ടി രംഗത്തിറങ്ങിയത് സ്വാഗതാര്‍ഹം തന്നെയാണ്. അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തില്‍ മാത്രമാണ് തീ അണയ്ക്കാന്‍ പട്ടാളത്തെ ബ്രസീല്‍ പ്രസിഡന്റ് അയച്ചിരുന്നത്. ഇത് നേരത്തെ ആയിരുന്നുവെങ്കില്‍ വലിയ നാശനഷ്ടം ഒഴിവാക്കാനും തീ നിയന്ത്രണ വിധേയമാക്കാനും കഴിയുമായിരുന്നു.

ഓഗസ്റ്റ് ഒന്‍പതിനാണ് ആമസോണ്‍ കത്താന്‍ തുടങ്ങിയിരുന്നത്. കാട്ടില്‍ നിന്നുള്ള തീയും പുകയും മൂടി ഭീകരമായ ബ്രസീലിന്റെ മുഖം പുറത്ത് വന്നതോടെയാണ് അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെട്ടിരുന്നത്. ബ്രസീലിന് പുറമെ ബൊളീവിയ, പെറു തുടങ്ങിയ ഒന്‍പത് രാജ്യങ്ങളില്‍ കൂടി വ്യാപിച്ച് കിടക്കുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍. ഏകദേശം കേരളത്തിന്റെ 138 ഇരട്ടി വലുപ്പം വരുന്ന വനപ്രദേശമാണിത്. ലോകത്ത് അവശേഷിക്കുന്ന മഴക്കാടുകളുടെ പകുതിയും ആമസോണില്‍ തന്നെയാണുള്ളത്.

ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ മാത്രം അനവധി തവണ ആമസോണിന് തീപിടിച്ചെന്നാണ് കണക്കുകള്‍. മുന്‍ വര്‍ഷത്തേക്കാള്‍ 85 ശതമാനം കൂടുതലാണിത്. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മാത്രമല്ല, മനുഷ്യ നിര്‍മ്മിത തീപിടുത്തങ്ങളുമാണ് ആമസോണിനെ ഇപ്പോള്‍ നശിപ്പിക്കുന്നത്. ഈ വനത്തിന്റെ 60 ശതമാനവും സ്ഥിതി ചെയ്യുന്ന ബ്രസീല്‍ തുടക്കത്തില്‍ തീ അണക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതും ദുരൂഹമാണ്.

വനം വെട്ടിത്തെളിച്ച് കൃഷി പോത്സാഹിപ്പിക്കണമെന്ന നിലപാട് കൈക്കൊള്ളുന്ന പ്രസിഡന്റ് ഭരിക്കുന്ന രാജ്യത്തെ ഈ തീപിടുത്തം ഏറെ സംശയത്തിനിട നല്‍കുന്നത് തന്നെയാണ്.

ആഗോള സാമ്രാജ്യത്വവും ബ്രസീലിലെ ഭരണ വര്‍ഗ്ഗങ്ങളും ആസൂത്രിതമായി ഇപ്പോള്‍ നടപ്പാക്കുന്ന മാറ്റങ്ങള്‍ ഇന്ന് ആ നാടിനെ തന്നെ നശിപ്പിക്കുന്നതാണ്. ബ്രസീലിലെ ഏറ്റവും ജനകീയനായ മുന്‍ പ്രസിഡന്റ് ലുല ഡി സില്‍വയെ ജയിലിലടച്ചത് പോലും ഹിഡന്‍ അജണ്ട മുന്‍നിര്‍ത്തിയായിരുന്നു. കാരണം ഇടതുപക്ഷക്കാരനായ ലുല മത്സരിച്ചിരുന്നു എങ്കില്‍ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറുമായിരുന്നു.

ബ്രസീല്‍ ചരിത്രത്തില്‍ തന്നെ അപകടകാരിയും വഷളനുമായ പ്രസിഡന്റാണ് ഇപ്പോഴത്തെ ജൈര്‍ബൊള്‍സൊനാരോ. അതുകൊണ്ടാണ് തീ അണയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന് പോലും ഒടുവില്‍ മുന്നറിയിപ്പ് നല്‍കേണ്ടി വന്നിരുന്നത്.

Team Express Kerala

Top