ഉപഭോക്താക്കള്‍ക്കായി ‘യു പി ഐ’ ഇടപാടുകള്‍ സാധ്യമാക്കാനൊരുങ്ങി ആമസോണ്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ സാധ്യമാക്കാനൊരുങ്ങി ആമസോണ്‍ ഇന്ത്യ.

നിലവില്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ യുപിഐ ആപ്പായ ഫോണ്‍പേ വഴിയാണ് പേയ്‌മെന്റുകള്‍ നടത്തുന്നത്.

ആമസോണ്‍ ഇന്ത്യയിലും ഈ സംവിധാനം ലഭ്യമാകാന്‍ അധികനാള്‍ കാത്തിരിക്കേണ്ടിവരില്ല എന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) സിഇഒയും മാനേജിങ് ഡയറക്റ്ററുമായ എ പി ഹോത്ത വ്യക്തമാക്കി.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ എന്നായിരിക്കും ഇത് പൂര്‍ത്തിയാവുക എന്ന കാര്യം ഇതുവരെ വ്യക്തമല്ല. പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ യുപിഐ ഇടപാടുകള്‍ നടത്താന്‍ ആരംഭിക്കുമെന്നും ഹോത്ത പറഞ്ഞു.

2016 ഓഗസ്റ്റിലാണ് യുപിഐ ആപ്പ് അവതരിപ്പിച്ചത്. നവംബറില്‍ 0.3 മില്ല്യണ്‍ ഉണ്ടായിരുന്ന ആപ്ലിക്കേഷന്റെ വ്യാപ്തി ജൂണ്‍ ആയപ്പോഴേക്കും 10.2 മില്ല്യണ്‍ ആയി വര്‍ധിക്കുകയുണ്ടായി.

കഴിഞ്ഞ ഡിസംബറില്‍ ഭീം ആപ്പ് അവതരിപ്പിച്ചത് ഇതില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ 45 ശതമാനം യുപിഐ ഇടപാടുകളും ഭീം ആപ്പ് മുഖേനെയാണ് നടക്കുന്നത്. ഫീച്ചര്‍ ഫോണുകളിലും യുപിഐ ഉപയോഗിക്കാവുന്ന രീതിയിലുള്ള മാറ്റങ്ങള്‍ ഭീം ആപ്പില്‍ വരുത്തിയിട്ടുണ്ട്.

Top