ആമസോണ്‍ ആപ്ലിക്കേഷനിലൂടെ മൂവി ടിക്കറ്റും ഇനി ബുക്ക് ചെയ്യാം

മസോണ്‍ തങ്ങളുടെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഒരു പുതിയ സവിശേഷത കൂടി അവതരിപ്പിച്ചു. രാജ്യത്ത് എവിടെയും ആമസോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മൂവി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് ഇനി സാധിക്കും. ഫ്ളൈറ്റ് ബുക്കിംഗ് സവിശേഷത അവതരിപ്പിച്ച് ഏകദേശം ആറുമാസത്തിനുശേഷമാണ് സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും കമ്പനി തങ്ങളുടെ ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് അടിസ്ഥാനമാക്കിയുള്ള ആമസോണിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ മാത്രമേ ഇപ്പോള്‍ സിനിമാ ടിക്കറ്റ് ബുക്കിംഗ് ലഭ്യമാകു. അപ്ലിക്കേഷനുകളുടെ ഷോപ്പ് ബൈ കാറ്റഗറി വിഭാഗത്തിലാണ് ഇവ ദൃശ്യമാകുക. ഇതിലൂടെ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ എളുപ്പത്തിലും സുതാര്യവുമായി ചെയ്യാന്‍ സാധിക്കും. ഇതിന് പകരമായി ആമസോണ്‍ അപ്ലിക്കേഷനിലെ ആമസോണ്‍ പേ വിഭാഗത്തില്‍ ടാപ്പുചെയ്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ബുക്ക് മൂവി ടിക്കറ്റ്‌സ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്താലും എളുപ്പത്തില്‍ മൂവി ടിക്കറ്റ് ബുക്ക് ചെയ്യാം. പക്ഷേ ഈ വഴി ഉപയോഗിക്കുന്നവര്‍ക്ക് ആമസോണ്‍ പേ വഴിയാണ് ട്രാന്‍സാക്ഷന്‍ നടക്കുക. കൂടാതെ ആപ്ലിക്കേഷന്റെ മൂവിസ് എന്ന വിഭാഗത്തിലെ സെര്‍ച്ച് ടാബ് വഴി തിയ്യറ്ററോ സിനിമയോ സെര്‍ച്ച് ചെയ്യാനും സാധിക്കും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി ആമസോണ്‍ മൂവി ടിക്കറ്റ് ബുക്കിംഗില്‍ 200 രൂപ വരെ 20 ശതമാനം ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ബാക്ക് ഓഫര്‍ 2019 നവംബര്‍ 1 മുതല്‍ 2019 നവംബര്‍ 14 വരെയാണ് ലഭിക്കുക. ഇത് മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ ഉപയോക്താക്കളുടെ ആമസോണ്‍ അക്കൗണ്ടുകളില്‍ ആമസോണ്‍ പേ ബാലന്‍സായി ക്രെഡിറ്റ് ചെയ്യും. ഈ സവിശേഷത ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് കമ്പനി ബുക്ക് മൈ ഷോയുമായി കരാറില്‍ ഏര്‍പ്പെട്ടു.

Top