ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാനുകളെ കൂട്ടുപിടിക്കാന്‍ ആമസോണ്‍

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണ്‍ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളുടെ കൂട്ടുപിടിക്കുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനായി ലോകം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ശ്രദ്ധയൂന്നതിന്റെ ചുവടുപിടിച്ചാണ് ആമസോണിന്റെ ഈ തീരുമാനം. അമേരിക്കയിലെ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടീവിന് ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ക്കുള്ള ഓര്‍ഡര്‍ ഇതിനോടകം ആമസോണ്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം തുടക്കത്തില്‍ കോടികളുടെ നിക്ഷേപം റിവിയന്‍ സ്റ്റാര്‍ട്ടപ്പില്‍ ആമസോണ്‍ നടത്തിയതിന് പിന്നാലെയാണ് വാഹന ഓര്‍ഡറും റിവിയനെ ഏല്‍പ്പിക്കുന്നത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് ഇലക്ട്രിക് വാനുകള്‍ വാങ്ങുന്ന വിവരം ആദ്യം അറിയിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്ന് ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡേവ് ക്ലാര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു.

2021 മുതല്‍ റിവിയന്‍ ഇലക്ട്രിക് വാനുകള്‍ സര്‍വീസിനിറങ്ങുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. 2022 ആകുമ്പോഴേക്കും 10,000 ഇലക്ട്രിക് വാനുകള്‍ നിരയിലേക്കെത്തിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. 2030 മുതല്‍ ഒരു ലക്ഷം ഇ-വാനുകളും ഓര്‍ഡര്‍ ഡെലിവറിക്കായി രംഗത്തിറങ്ങും. ഇതിലൂടെ 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പുര്‍ണ്ണമായും ഒഴിവാക്കാനുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്തു വര്‍ഷം മുന്‍പു തന്നെ കൈവരിക്കുക എന്നതാണ് ആമസോണിന്റെ ലക്ഷ്യം.

ആമസോണിനായി പ്രത്യേകം രൂപകല്‍പന ചെയ്ത വാനുകളായിരിക്കും റിവിയന്‍ ഓട്ടോമോട്ടീവ് പുറത്തിറക്കുക. മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് ഇ-വാനുകള്‍ കമ്പനി നിര്‍മിക്കുക. തുടക്കത്തില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന്‍ ഇ-വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കും. വാഹനത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടെങ്കിലും ഇലക്ട്രിക് വാനിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല.

Top