ഗണപതിയുടെ ചിത്രം പതിച്ച ചവിട്ടുമെത്തകള്‍; വിറ്റഴിച്ച ആമസോണിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ഗണപതിയുടെയും ദേശീയ പതാകയുടെയും ചിത്രം പതിച്ച ചവിട്ടുമെത്തകള്‍ വിറ്റ ഷോപ്പിങ് വെബ്‌സൈറ്റ് ആമസോണിനെതിരെ ശക്തമായ പ്രതിഷേധം. സോഷ്യല്‍ മീഡിയയിലാണ് സൈറ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. ഉല്‍പ്പന്നങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നും അതിനാല്‍ ആമസോണ്‍ ബഹിഷ്‌ക്കരിക്കണമെന്നും കാണിച്ച് ‘ബോയ്‌കോട്ട് ആമസോണ്‍’ എന്ന ഹാഷ്ടാഗോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായത്.

നിലത്ത് വിരിക്കുന്നതും ശുചിമുറികളില്‍ വിരിക്കുന്നതുമായ ചവിട്ടികളിലാണ് ഗണപതിയുടെ ചിത്രം പതിച്ചിരിക്കുന്നത്.ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രമുള്ളവയും ആമസോണിലുണ്ട്. വ്യാപകമായ പ്രതിഷേധം കാരണം ആമസോണ്‍ ഈ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ടോയ്‌ലറ്റ് സീറ്റ് കവറുകള്‍ ചവിട്ടികളും കണ്ടെത്തിയ സാഹചര്യത്തില്‍ ആമസോണിനെതിരെ വന്‍ രോഷമുയര്‍ന്നിരുന്നു. ഇത് മൂന്നാം തവണയാണ് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ആമസോണിനെതിരെ ഉയരുന്നത്.

Top