ആമസോണ്‍ മഴക്കാടുകള്‍ ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നു ! !

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ ഫെയ്ബുക്ക് വഴി വില്‍ക്കുന്നു.സംരക്ഷിത ഗോത്ര വനമേഖലകളടക്കമുള്ള പ്രദേശമാണ് നിയമവിരുദ്ധമായി വില്‍പ്പനയ്ക്ക വെച്ചിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ ക്ലാസിഫൈഡ് പരസ്യ സേവനമായ മാര്‍ക്കറ്റ് പ്ലേസിലൂടെയാണ് വില്‍പന. ഏക്കര്‍ കണക്കിന് വനമേഖലയാണ് ഈ രീതിയില്‍ വില്‍പനയ്ക്ക് വെച്ചിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഈ വിഷയത്തില്‍ നേരിട്ടുള്ള നടപടി സ്വീകരിക്കില്ലെന്ന നിലപാടാണ് ഫേസ്ബുക്കിന്റെത്. എന്നാല്‍ അതിനായി പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കമ്പനി  അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ ആമസോണ്‍ വനപ്രദേശത്തെ സംരക്ഷിത ജനവിഭാഗങ്ങളൊന്നിന്റെ നേതാവ് ഇതില്‍ ഇടപ്പെടണമെന്ന് ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിടുണ്ട്. അനധികൃത വനഭൂമി വില്‍പന തടയാന്‍ ഭരണകൂടം നടപടി സ്വീകരിക്കുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസില്‍ വളരെ വ്യക്തമായി ഈ പരസ്യങ്ങള്‍ കാണാന്‍ സാധിക്കും.ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ബ്രസീലിയന്‍ സര്‍ക്കാര്‍ അംഗീകരിക്കുന്ന രേഖകളൊന്നും തങ്ങളുടെ പക്കലില്ലെന്ന് തുറന്നു പറയുന്ന വില്‍പനക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് യൊതൊരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കുന്നു.

പരിസ്ഥിതിയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന നിലപാടാണ് ബൊല്‍സനാരോ ഭരണകൂടത്തിനുള്ളതെന്ന് പരിസ്ഥിതി മന്ത്രി റിക്കാര്‍ഡോ സാല്ലെസ് പറഞ്ഞു. വനനശീകരണം, കാട്ടുതീ പോലുള്ളവിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പക്ഷെ, കോവിഡ് വ്യാപനം ആമസോണ്‍ മേഖലയിലെ നിയമനിര്‍വഹണ നടപടികളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുണ്ടെന്നും സാല്ലേസ് പറയുന്നു

Top