ട്വിറ്ററിന്റെ വഴിയെ ആമസോണും; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു

സാൻഫ്രാൻസിസ്കോ: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമുള്ള പിരിച്ചുവിടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം അയ്യായിരത്തോളം കരാർത്തൊഴിലാളികളെ കൂടി ട്വിറ്റർ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടിരുന്നു. ഇതിനോടകം 50 ശതമാനത്തോളം ജീവനക്കാരെയാണ് ട്വിറ്റർ ഒഴിവാക്കിയത്. ഇപ്പോൾ ട്വിറ്ററിന് പിന്നാലെ ആമസോണും പിരിച്ചുവിടാനുള്ള നീക്കങ്ങൾ ആരംഭിച്ചു.

ഈ ആഴ്ചയോടെ 10,000 ജീവിനക്കാരെ പിരിച്ചുവിടാനാണ് ആമസോൺ നീക്കമെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് നടപടി. എന്നാൽ പിരിച്ചുവിടുന്നത് കമ്പനിയുടെ ഒരു ശതമാനം ജീവനക്കാരെ മാത്രമാണെന്നും ആഗോളതലത്തിൽ 1.6 മില്യൻ ജോലിക്കാർ ആമസോണിനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒരു മാസമായി ജീവനക്കാരെ വിലയിരുത്തുകയും കമ്പനിക്ക് അനുയോജ്യരല്ലാത്തവരോടു മറ്റു തൊഴിലുകൾ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കേണ്ടിയിരുന്ന കാലയളവിൽ ഇത്തവണ കമ്പനിയുടെ നേട്ടം മന്ദഗതിയിലാണ്. ഈ വർഷം ആമസോണിന്റെ ഷെയർ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നുവെന്ന് സൂചന നൽകിയാണ് കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്.

എന്നാൽ ട്വിറ്ററിൽ മുന്നറിയിപ്പൊന്നും നൽകാതെയാണ് പിരിച്ചുവിടൽ തുടരുന്നത്. ഹാനികരമായ ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തവരാണ് ഇത്തവണ പിരിച്ചുവിടപ്പെട്ട കരാർ ജീവനക്കാർ. നടപടി ട്വിറ്ററിനെ ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ കടന്നുകൂടാൻ ഇടയാക്കുമെന്ന് ജീവനക്കാർ പ്രതികരിച്ചിരുന്നു. പിരിച്ചുവിടലിനോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല.

Top