അമേരിക്കയ്ക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള ഏക ക്യാമ്പസ്

ഹൈദരാബാദ്: അമേരിക്കക്ക് പുറത്ത് ആമസോണിന് സ്വന്തമായുള്ള ഏറ്റവും വലിയ ക്യാമ്പസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ഹൈദരാബാദിലാണ് കെട്ടിടം. ആമസോണിന് ഇന്ത്യയിലുള്ള 62,000 ജീവനക്കാരില്‍ 15,000 പേര്‍ക്കും ഇനി ഈ ക്യാമ്പസില്‍ ജോലി ചെയ്യാനാകും.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ സാന്നിധ്യത്തില്‍ ആഭ്യന്തര, ജയില്‍, അഗ്‌നിശമന സേന മന്ത്രി മുഹമ്മദ് മഹ്മൂദ് അലി ക്യാമ്പസ് ഉദ്ഘാടനം ചെയ്തു. ആമസോണ്‍ ഇന്ത്യ തലവനും സീനിയര്‍ വൈസ് പ്രസിഡന്റുമായ അമിത് അഗര്‍വാള്‍, ആമസോണ്‍ ഗ്ലോബല്‍ റിയല്‍ എസ്റ്റേറ്റ് ആന്റ് ഫെസിലിറ്റീസ് വൈസ് പ്രസിഡന്റ് ജോണ്‍ സ്‌കോട്ട്ലര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

30 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തില്‍ 18 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസിനുള്ള സ്ഥലം. കഴിഞ്ഞ ഒരു ദശകത്തിലധികമായി ഹൈദരാബാദില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആമസോണ്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. വെറും 3 വര്‍ഷത്തിനുള്ളിലാണ് ആമസോണ്‍ ഈ ക്യാമ്പസ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വ്യത്യസ്ത മതവിശ്വാസികള്‍ക്കുള്ള പ്രാര്‍ത്ഥനാ മുറികള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള മുറി, ശാന്തമായിരിക്കാനുള്ള മുറി, ഷവറുകള്‍, ഹെലിപാഡ്, വൈവിധ്യമാര്‍ന്നതും ദിവസം മുഴുവനും തുറന്നിരിക്കുന്നതുമായ കഫറ്റീരിയ എന്നിവ ക്യാമ്പസിന്റെ ഭാഗമായുണ്ട്. 972 പേരെ ഒരേസമയം 290 കോണ്‍ഫറന്‍സ് മുറികളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും കൊണ്ടുപോകാന്‍ കഴിയുന്ന എലവേറ്ററുകളുമുണ്ട്.

Top