ട്വിറ്ററിനേക്കാളും മെറ്റയേക്കാളും കൂടുതൽ ജീവനക്കാരെ ആമസോൺ പിരിച്ചുവിടുന്നതായി റിപ്പോർട്ടുകൾ

സാൻഫ്രാൻസിസ്കോ: ആമസോൺ ചെലവ് ചുരുക്കൽ നടപടികളുടെഭാഗമായി കൂടുതൽ പേരെ പുറത്താക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ പിരിച്ചുവിട്ടതിലും കൂടുതൽ ജീവനക്കാരെയായിരിക്കും ആമസോൺ പിരിച്ചുവിടുക എന്നാണ് പുതിയ റിപ്പോർട്ട്.

ആദ്യ ഘട്ടത്തിൽ ആമസോൺ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ, കമ്പനിയുടെ പ്രധാന ഓഫീസുകൾ ബെംഗളൂരുവിലാണ് ഉള്ളത്. മറ്റ് പ്രധാന നഗരങ്ങളിൽ കോ-വർക്കിംഗ് സ്പേസുകളിൽ നിന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. നേരിട്ടും അല്ലാതെയും ഇന്ത്യയിൽ ആമസോൺ 1.1 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു.

എഞ്ചിനീയറിംഗ് ഉൾപ്പെടെ നിരവധി മേഖലകളിൽ നിന്നും ആമസോൺ ജീവനക്കാരെ പിരിച്ചുവിട്ടേക്കും ഈ ആഴ്ച തന്നെ കമ്പനി തങ്ങളുടെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ തുടങ്ങുമെന്ന് ന്യൂയോർക്ക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ആഗോളതലത്തിൽ നിരവധി വൻകിട ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുകയാണ്. ചെലവ് ചുരുക്കാനും ആഗോള മാന്ദ്യ സാധ്യതയും കമ്പനികളെ തൊഴിൽ വെട്ടികുറയ്ക്കുന്ന തീരുമാനത്തിലേക്ക് നയിക്കുന്നു.

ഇലോൺ മാസ്ക് ഏറ്റെടുത്തതിന് ശേഷം ട്വിറ്റർ 3700 ഓളം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കൂടാതെ കഴിഞ്ഞ ആഴ്ച ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റാ 11,000 ജീവനക്കാരെ പുറത്താക്കിയിരുന്നു. എന്നാൽ മുൻനിരയിലുള്ള ടെക് കമ്പനികൾ പിരിച്ചുവിട്ടതിനേക്കാൾ കൂടുതൽ തൊഴിലാളികളെ ആമസോൺ പിരിച്ചു വിട്ടേക്കും. ലാഭകരമല്ലാത്ത, ആമസോണിന്റെ ചില യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

Top