ഐപിഎല്ലിന്റെ പുതിയ സ്‌പോണ്‍സറാകാനൊരുങ്ങി ആമസോണ്‍

അബുദാബി: യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിച്ച് നവംബര്‍ 10വരെ നടക്കുന്ന ഐപിഎല്ലിലെ മുഖ്യ സ്പോണ്‍സര്‍മാരാകാന്‍ നിരവധി കമ്പനികളാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതില്‍ ഏറ്റവും മുന്നിലുള്ളത് ഓണ്‍ലൈന്‍ വിപണനക്കാരായ ആമസോണാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെ അണ്‍അക്കാദമി, മൈസര്‍ക്കിള്‍ 11 എന്നീ കമ്പനികളും സജീവമായി രംഗത്തുണ്ട്. നിലവിലെ ഇന്ത്യയുടെ ജേഴ്സി സ്പോണ്‍സര്‍മാരായ ബൈജൂസും ഐപിഎല്‍ സ്പോണ്‍സര്‍മാരാകാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, നിലവിലെ സ്‌പോണ്‍സര്‍ വിവോ തല്‍സ്ഥാനത്തു നിന്ന് പിന്മാറിയതായി ബിസിസിഐ സ്ഥിരീകരിച്ചിരുന്നു.
2017ല്‍ 2199 കോടി രൂപയ്ക്കാണ് വിവോ ഇന്ത്യ ഐപിഎല്‍ കിരീട സ്‌പോണ്‍സര്‍മാരായുള്ള അഞ്ച് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്. നിലവില്‍ 2022ലാണ് ഈ കരാര്‍ പൂര്‍ത്തിയാകുക. ഓരോ വര്‍ഷവും വിവോ ലീഗിന് 440 കോടി രൂപ നല്‍കുന്നുമുണ്ട്. പെപ്‌സിക്കു പകരമാണ് വിവോ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍മാരായത്.

ഇത് രണ്ടാം തവണയാണ് യുഎഇ ഐപിഎല്ലിന് വേദിയാവുന്നത്. 2014ലെ പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഐപിഎല്ലിലെ ആദ്യഘട്ടത്തില്‍ 20 മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിരുന്നു.

Top