ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും വെല്ലുവിളിയുയര്‍ത്തി പുതിയ ഇ കൊമേഴ്‌സ് നയം

ന്യൂഡല്‍ഹി: ഇകൊമേഴ്‌സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനു റെഗുലേറ്ററെ കൊണ്ടുവരാനുള്ള കേന്ദ്ര തീരുമാനം ആഗോള ടെക് ഭീമന്മാരായ ആമസോണ്‍.കോം, ആല്‍ഫബെറ്റ്, ഗൂഗിള്‍, ഫെയ്‌സ്ബുക് എന്നിവയ്ക്കു വെല്ലുവിളിയാകുമെന്നു റിപ്പോര്‍ട്ട്.

അവശ്യമെങ്കില്‍ കമ്പനികളുടെ സോഴ്‌സ് കോഡുകളും അല്‍ഗോരിതവും പരിശോധിക്കുന്നതിനുള്ള അധികാരവും പുതിയ ഇകൊമേഴ്‌സ് നയത്തിന്റെ
കരടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ കൊമേഴ്‌സ് പ്രവര്‍ത്തനങ്ങള്‍ രാജ്യതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായാല്‍ നിരീക്ഷിക്കുന്നതിനും അന്വേഷിക്കുന്നതിനും നടപടിയെടുക്കുന്നതിനും സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരും.

സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ കമ്പനികള്‍ വിവരം കൈമാറണം. ഇല്ലെങ്കില്‍ പിഴ ചുമത്തും. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശരാജ്യങ്ങളില്‍ പകര്‍പ്പെടുത്തു സൂക്ഷിക്കുന്നത് ഓഡിറ്റിങ്ങിന് വിധേയമാക്കും.

ഓഫ്ലൈന്‍ (മുറുക്കാന്‍ കടയടക്കമുള്ള കച്ചവടക്കാര്‍) മത്സരക്കാരുടെ ഇടപാടുകാരെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള ചതിപ്രയോഗങ്ങളോ സാധനങ്ങള്‍ വാങ്ങാനുള്ള അവരുടെ തീരുമാനത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകളോ വിലക്കുന്നതാണു പുതിയ നിയമം.

Top