ഫ്യൂച്ചർ ഇടപാടിൽ ആമസോണിന് 202 കോടി പിഴ

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിലെ (ബിഗ് ബസാർ) ഫ്യൂച്ചർ കൂപ്പൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയി‍ൽ ഓഹരിയെടുക്കാൻ ആഗോള ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിനു നൽകിയ അനുമതി കോംപറ്റീഷൻ കമ്മീഷൻ മരവിപ്പിച്ചു. നടപടികളിലെ വീഴ്ചയ്ക്ക് ആമസോൺ 202 കോടി രൂപ പിഴയൊടുക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ബിസിനസ് രംഗത്തെ അനാരോഗ്യ പ്രവണതകൾ നിയന്ത്രിക്കാനുള്ള സർക്കാർ സംവിധാനമാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.

വിവരങ്ങൾ മൂടിവച്ചതിനും തെറ്റായ പ്രസ്താവനകൾ പുറത്തുവിട്ടതിനുമാണ് പിഴശിക്ഷയെന്ന് കമ്മീഷൻ പറ‍ഞ്ഞു. ഫ്യൂച്ചർ റീട്ടെയിൽ ബിസിനസിൽ 7.3% ‌ഓഹരിപങ്കാളിത്തമുള്ള ഫ്യൂച്ചർ കൂപ്പൺസിൽ 49% ഓഹരിയെടുക്കാനായിരുന്നു ആമസോണിന്റെ നീക്കം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഫ്യൂച്ചറിന്റെ റീട്ടെയിൽ– ചരക്കുകൈകാര്യ ബിസിനസ് 24713 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ റിലയൻസ് ഗ്രൂപ്പ് സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ മുതൽ ആമസോൺ ഫ്യൂച്ചർ ഗ്രൂപ്പുമായി നിയമയുദ്ധത്തിലാണ്. റിലയൻസുമായി ഫ്യൂച്ചർ ഉണ്ടാക്കിയ ഇടപാട്, തങ്ങളുമായുള്ള കരാറിനു വിരുദ്ധമെന്നാണ് ആമസോണിന്റെ വാദം.

Top