ഏറ്റവും കൂടുതല്‍ കച്ചവടം നടത്തിയിട്ടും, എട്ട് നിലയില്‍ പൊട്ടി; ആമസോണിന് കോടികളുടെ നഷ്ടം

ന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിന് കോടികളുടെ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റു കമ്പനികളേക്കാള്‍ കൂടുതല്‍ കച്ചവടം നടത്തിയിട്ടും ആമസോണ്‍ ഒരു വര്‍ഷത്തിനിടെ നേരിട്ടത് 5685 കോടിയുടെ നഷ്ടമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 9.5 ശതമാനം കുറവാണ് ആമസോണിന്റെ നഷ്ടം. മുന്‍ വര്‍ഷമിത് 6,287.9 കോടി രൂപയായിരുന്നു. ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്ഫോം ടോഫ്ലര്‍ നല്‍കിയ രേഖകള്‍ പ്രകാരമുള്ള കണക്കുകളാണിത്.

എന്നാല്‍ ആമസോണ്‍ സെല്ലര്‍ സര്‍വീസസ് വരുമാനം 55 ശതമാനം വര്‍ധിച്ച് 2018-19ല്‍ 7,778 കോടി രൂപയിലെത്തി. അമേരിക്കന്‍ ഇ-കൊമേഴ്സ് ഭീമന്റെ ബി 2 ബി വിഭാഗമായ ആമസോണ്‍ റീട്ടെയില്‍ ഇന്ത്യയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ വരുമാനം 11,250 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 8 ശതമാനം ഇടിവാണ് കാണിക്കുന്നത്.2017-18ല്‍ ഇത് 131.4 കോടി രൂപയായിരുന്നു. പേടിഎം, ഫ്‌ലിപ്കാര്‍ട്ടിന്റെ ഫോണ്‍പെ, ഗൂഗിള്‍ പേ എന്നിവയുമായി മത്സരിക്കുന്ന പേയ്മെന്റ് വിഭാഗമായ ആമസോണ്‍ പേ ഇന്ത്യയും നഷ്ടത്തിലാണ്. ടോഫ്ലറുടെ കണക്കുപ്രകാരം ഈ നഷ്ടം 334.20 കോടിയില്‍ നിന്ന് 1,160.8 കോടി രൂപയായി ഉയര്‍ന്നു. ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വീസസ് വരുമാനത്തില്‍ 31 ശതമാനം വര്‍ധന രേഖപ്പെടുത്തി 2,079 കോടി രൂപയും അറ്റ നഷ്ടം 2018-19ല്‍ 27.5 കോടി രൂപയുമാണ്.

അതേസമയം കമ്പനിക്ക് ബാധിച്ചിരിക്കുന്ന കനത്ത നഷ്ടത്തെ സംബന്ധിച്ച യാതൊരു വിവരങ്ങളും ഇന്ത്യയിലേക്ക് അയച്ച ഇമെയിലുകളില്‍ പറയുന്നില്ല. നേരത്തേയും ആമസോണിന് ഇത്തരത്തില്‍ കോടികളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ ജൂലായ് മാസത്തില്‍ ആമസോണിന് വലിയ നഷ്ടം ഉണ്ടായിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Top