കനത്തമഴയും മണ്ണിടിച്ചിലും ; അമര്‍നാഥ് തീര്‍ത്ഥാടന യാത്ര നിര്‍ത്തിവച്ചു

ശ്രീനഗര്‍ : കനത്ത മഴയെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താത്ക്കാലികമായി നിര്‍ത്തി.

ശ്രീനഗര്‍ ജമ്മു ദേശീയ പാതയ്ക്ക് സമീപം കഴിഞ്ഞ ദിവസം നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തിലാണ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുന്നത്.

ഇവിടേയ്ക്ക് യാത്ര ഒഴിവാക്കാനാകാത്തവര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ഗതാഗതവകുപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്കുള്ള 300 കിലോമീറ്റര്‍ ദേശീയപാത അടച്ചിരിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ ഭാഗത്തേയ്ക്കുള്ള വിമാന ഗതാഗതവും നിര്‍ത്തിവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം സംസ്ഥാന മന്ത്രിമാര്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

നേരത്തെ, മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഈ റോഡ് ശനിയാഴ്ചയാണ് ഗതാഗതത്തിനായി തുറന്നത്.

പിന്നീട് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് മഴ പെയ്തതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി വീണ്ടും യാത്ര നിര്‍ത്തി വെച്ചിരുന്നു. ചില സ്ഥലങ്ങളില്‍ ഇപ്പോഴും മഴ പെയ്യുകകയാണ്.

അമര്‍നാഥ് യാത്ര തുടങ്ങി ഒരു ദിവസത്തിനു ശേഷമാണ് മോശം കാലവസ്ഥയെ തുടര്‍ന്നു യാത്ര നിര്‍ത്തിവച്ചത്.

തീര്‍ഥാടകരെ ബെയ്‌സ് ക്യാമ്പുകളിലേക്കു മാറ്റിയതായും ഇവരുടെ വിവരങ്ങള്‍ അറിയാന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്നും ശ്രീ അമര്‍നാഥ് ശ്രിന്‍ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Top