ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ദീപാവലിക്ക് മുമ്പെന്ന് സൂചന

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ദീപാവലിക്ക് മുമ്പുണ്ടാകുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച നടപടികള്‍ അന്തിമ ഘട്ടത്തിലെന്ന് അമരീന്ദര്‍ ക്യാമ്പ് അറിയിച്ചു.

അടുത്ത മാസം പുതിയ പാര്‍ട്ടി ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിക്കും. നവംബറോടെ കര്‍ഷകസമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്നും അമരീന്ദറുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ ഉപാധി വെച്ചിരുന്നു. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദര്‍ സിംഗിന്റെ വാഗ്ദാനം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിക്കുകയായിരുന്നു.

ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിംഗ് അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട അമരീന്ദര്‍ കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയതായി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍ സിംഗിനെ അനുനയിപ്പിക്കാനുള്ള ഒരു വശത്ത് ഹൈക്കമാന്‍ഡ് ഇപ്പോഴും തുടരുകയാണ്.

Top