പുതിയ പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് അമരീന്ദര്‍ സിങ്

ന്യൂഡല്‍ഹി: പുതിയ പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസിന്റെ(പിഎല്‍സി) ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. 22 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ ഹോക്കി ടീം നായകന്‍ അജിത് പാല്‍ സിങ് ആണ് പട്ടികയിലെ ഏറ്റവും പ്രമുഖന്‍.

ബിജെപിയും ശിരോമണി അകാലിദളും (സംയുക്ത് എസ്എഡി) ചേര്‍ന്നുള്ള സഖ്യത്തോടൊപ്പമാണ് പിഎല്‍എസി പഞ്ചാബില്‍ അങ്കത്തിനിറങ്ങുന്നത്. സഖ്യചര്‍ച്ചയില്‍ ആകെ 117 മണ്ഡലങ്ങളില്‍ 37 സീറ്റാണ് പിഎല്‍സിക്ക് അനുവദിച്ചിട്ടുള്ളത്. അഞ്ച് സീറ്റിനുകൂടിയുള്ള ചര്‍ച്ച നടന്നുവരികയാണ്.

അമരീന്ദര്‍ സിങ്ങിന് കുടുംബവേരുകളും വ്യക്തിബന്ധങ്ങളുമുള്ള മാല്‍വ മേഖലയിലാണ് പിഎല്‍സിക്ക് കിട്ടിയ 26 സീറ്റും ഉള്‍പ്പെടുന്നത്. പഴയ പാട്യാല രാജകുടുംബത്തിന്റെ ആസ്ഥാനംകൂടിയായിരുന്നു ഇവിടെ. 2007 മുതല്‍ അമരീന്ദറിലൂടെ കോണ്‍ഗ്രസിന് സുരക്ഷിത മേഖലയായിരുന്നു ഇവിടെ. എന്നാല്‍, ഇത്തവണ അമരീന്ദറിനെ തങ്ങളുടെ ക്യാംപിലെത്തിച്ചതിലൂടെ ഇവിടെ നേട്ടം കൊയ്യാനാകുമെന്നാണ് ബിജെപി കരുതുന്നത്.

പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു വനിത മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ശിരോമണി അകാലിദള്‍ മുന്‍ എംഎല്‍എ കൂടിയായ ഫര്‍സാന ആലം ഖാനാണ് മാല്‍വയിലെ മലര്‍കോട്ടയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അന്തരിച്ച പഞ്ചാബ് ഡിജിപി ഇസ്ഹാര്‍ ആലം ഖാന്റെ ഭാര്യ കൂടിയായിരുന്നു ഇവര്‍.

ഓരോ മണ്ഡലങ്ങളിലും വലിയ രാഷ്ട്രീയ പാരമ്പര്യവും പ്രവര്‍ത്തന പരിചയവുമുള്ള നേതാക്കളെയാണ് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തിയിട്ടുള്ളതെന്നാണ് അമരീന്ദര്‍ പറഞ്ഞത്. വ്യക്തമായ ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതെന്നും ഇതോടൊപ്പം സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top