യുവത വരുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ബിജെപി പാളയത്തിലേക്ക്, രാഹുലിനു പിഴയ്ക്കുന്നു !

ന്യൂഡല്‍ഹി: കേരളത്തിലെ നേതാക്കള്‍ക്കിടയിലെ പൊട്ടിത്തെറിയും മുതിര്‍ന്ന നേതാക്കളുടെ ഒഴുക്കും കോണ്‍ഗ്രസിന് ഇപ്പോള്‍ പുത്തരിയല്ലാത്ത അവസ്ഥയാണ്. ദേശീയ തലത്തില്‍ തന്നെ വന്‍ തിരിച്ചടിയാണ് തലമൂത്ത നേതാക്കളില്‍ നിന്നുവരെ കോണ്‍ഗ്രസ് നേരിടുന്നത്.

കപില്‍ സിബല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്ക് പ്രസിഡന്റില്ല. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന് അറിയില്ല. എത്തിച്ചേരാന്‍ പാടില്ലാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശം ഉന്നയിച്ച് സിബല്‍ കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധിക്ക് കത്തയച്ചത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

ഇപ്പോഴിതാ, പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കോണ്‍ഗ്രസില്‍ വിമത സ്വരം ഉയര്‍ത്തിയ ജി-23 നേതാക്കളുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചന. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് അദ്ദേഹം ബിജെപിയില്‍ ചേരുമോ എന്നാകാര്യം വ്യക്തമല്ല. അതിനിടെയാണ് അദ്ദേഹം വിമത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്.

അമിത് ഷായും അമരീന്ദറും തമ്മില്‍ നടത്തിയ ഒരു മണിക്കൂര്‍നീണ്ട ചര്‍ച്ചയെക്കുറിച്ച് ബി.ജെ.പി. പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ സൂചന നല്‍കി. കര്‍ഷക സമരത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ചചെയ്തതെന്ന് അമരീന്ദര്‍ പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പഞ്ചാബിലെ ആഭ്യന്തരസുരക്ഷയെപ്പറ്റിയും ചര്‍ച്ചചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ജി 23 നേതാക്കളില്‍ ഒരാളായ ഗുലാം നബി ആസാദും കഴിഞ്ഞ ദിവസം പഞ്ചാബിലെ വിഷയങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ഗുലാം നബി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, യുവ നേതാക്കളെ അണിനിരത്തി രാഹുല്‍ ഗാന്ധി പയറ്റുന്ന തന്ത്രം ഫലിക്കുമോ എന്നു കണ്ടറിയണം. കനയ്യ കുമാറിനെയും ജിഗ്നേഷ് മേവാനിയെയും കോണ്‍ഗ്രസിലേക്ക് വമ്പന്‍ വരവേല്‍പ്പോടെ സ്വാഗതം ചെയ്യുമ്പോള്‍ തലമുതിര്‍ന്ന നേതാക്കള്‍ സംതൃപ്തരല്ലെന്ന കാര്യം കോണ്‍ഗ്രസ് വിസ്മരിക്കുകയാണ്.

Top