ലോക്ഡൗണ്‍ ലംഘിച്ച് യാത്ര; എം.എല്‍.എക്കും സംഘത്തിനുമെതിരെ കേസ്

ബിജ്‌നോര്‍: ലോക്ഡൗണ്‍ ലംഘിച്ച് യാത്ര നടത്തിയതിന് എം.എല്‍.എക്കും സംഘത്തിനുമെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്.

യു.പിയിലെ നൗതന്വയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ അമന്മണി തൃപാഠിക്കും കൂട്ടാളികള്‍ക്കുമെതിരെയാണ് കേസെടുത്തത്. പാസ് പോലുമില്ലാതെ യു.പിയില്‍ നിന്ന് ഉത്തരാഖണ്ഡില്‍ പോയി വരികയായിരുന്ന ഇവര്‍ ബിജ്‌നോര്‍ ജില്ലയിലെ നാസിബബാദില്‍ വെച്ച് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

ഉത്തരാഖണ്ഡിലേക്ക് പോകാന്‍ എം.എല്‍.എയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ലെന്നും അംഗീകൃത യാത്രാ പാസ് പോലുമില്ലാതെ അനാവശ്യമായാണ് അദ്ദേഹം പുറത്തിറങ്ങിയതെന്നും ബിജ്‌നോര്‍ പൊലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി പറഞ്ഞു. മാത്രമല്ല എം.എല്‍.എക്കെതിരെ നടപടി എടുത്തുവെന്നും അദ്ദേഹത്തെ നിരീക്ഷണത്തിലാക്കുകയും കോവിഡ് പരിശോധനക്ക് വിധേയനാക്കുകയും ചെയ്യുമെന്നും പൊലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

ലോക്ഡൗണ്‍ ലംഘിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതിനും തൃപാഠിയേയും കൂട്ടാളികളേയും ഉത്തരാഖണ്ഡ് പൊലീസ് കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് നോട്ടീസ് നല്‍കി ഉത്തര്‍പ്രദേശിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.

അതേസമയം, തൃപാഠിയും മറ്റ് പത്ത് പേരും ചേര്‍ന്ന് ബദരിനാഥ്, കേദാര്‍നാഥ് യാത്രക്കെത്തിയതായിരുന്നുവെന്ന് ഉത്തരാഖണ്ഡിലെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു. എം.എല്‍.എക്കും മറ്റ് 11 പേര്‍ക്കുമെതിരെ കേസെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top