സതീശന്റെ പ്രസ്താവന വസ്തുതാവിരുദ്ധം, മാപ്പു പറയണം; തെളിവുമായി ആരിഫ് എംപി

തിരുവനന്തപുരം: പെട്രോള്‍ വിലവര്‍ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭ ചര്‍ച്ചക്കിടെ തന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എ.എം. ആരിഫ് എം.പി. ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടി എം.പി.മാര്‍ സംയുക്തമായി നടത്തിയ സൈക്കിള്‍ ചവിട്ടിയുള്ള സമരത്തില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും ചിത്രം സഹിതം പോസ്റ്റ് ചെയ്തുകൊണ്ട് എ.എം ആരിഫ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സൈക്കിള്‍ ചവിട്ടല്‍ സമരത്തില്‍ ഞാന്‍ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി.സതീശന്‍ നിയമസഭയില്‍ എന്റെ അസാന്നിധ്യത്തില്‍ പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ്. പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ ശ്രീ എം.ബി.രാജേഷിന് കത്ത് നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

വി.ഡി.സതീശന്‍ മാപ്പ് പറയണം.

പെട്രോള്‍ വിലവര്‍ദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചര്‍ച്ചക്കിടെ എന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളന കാലത്ത് ആഗസ്ത് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടി എം.പി.മാര്‍ സംയുക്തമായി നടത്തിയ സൈക്കിള്‍ ചവിട്ടല്‍ സമരത്തില്‍ ഞാന്‍ പങ്കാളിയായിരുന്നില്ല എന്ന് വി.ഡി.സതീശന്‍ നിയമസഭയില്‍ എന്റെ അസാന്നിധ്യത്തില്‍ പറഞ്ഞത് വസ്തുതാവിരുദ്ധവും കീഴ്വഴക്കങ്ങളുടെ ലംഘനവുമാണ്.

ഞാന്‍ സൈക്കിള്‍ ചവിട്ടിയ വീഡിയോയും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധ്Iര്‍ രഞ്ജന്‍ ചൗധരിയുമായി സമരത്തില്‍ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ തെളിവായുള്ളപ്പോള്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത് എപ്പോള്‍ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശന്‍ കരുതുന്നതുകൊണ്ടാകാം.

സതീശന്റെ ദേശീയ നേതാവും കേരളത്തില്‍ നിന്നുള്ള എം.പി.യായിട്ടുകൂടി സഭയില്‍ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുല്‍ ഗാന്ധി, ഈ സഭാകാലയളവില്‍ എപ്പോഴെങ്കിലും പെട്രോളിയം വിലവര്‍ദ്ധനവിനെപ്പറ്റി സംസാരിക്കാന്‍ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സതീശന്‍ തയ്യാറാകണം.

പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കര്‍ ശ്രീ എം.ബി.രാജേഷിന് കത്ത് നല്‍കി

Top