പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

പഞ്ചാബ്; പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി അംഗത്വം ഒഴിഞ്ഞ് എംഎല്‍എ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായെന്നും ക്രിയാത്മകമായി ഒന്നും മുന്നോട്ടു വെക്കാനില്ലാത്ത പാര്‍ട്ടിയാണ് എഎപിയെന്നും പാര്‍ട്ടി വിട്ട എംഎല്‍എ നസര്‍ സിങ് മന്‍ശാഹിയ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് മന്‍ശാഹിയ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഞ്ചാബ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോഡില്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറായിരുന്ന മന്‍ശാഹിയ പഞ്ചാബ് നിയമസഭയുടെ ഫാര്‍മേഴ്സ് സൂയിസൈഡ്സ് ആന്‍ഡ് ഫാം ലേബറേഴ്സ് കമ്മിറ്റി അംഗമായിരുന്നു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് ആംആദ്മി പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതിനെത്തുടര്‍ന്ന് ആംആദ്മി പാര്‍ട്ടി പിന്മാറിയിരുന്നു. കോണ്‍ഗ്രസ് സഖ്യത്തിനായി കാത്തിരുന്ന് വെറുതെ സമയം പാഴാക്കിയെന്ന് അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. സഖ്യം പഞ്ചാബിലേക്കും ഹരിയാനയിലേക്കുമെല്ലാം നീട്ടണമെന്നാണ് എഎപിയുടെ ആവശ്യം. ഇതിന് പിന്നാലെയാണ് പഞ്ചാബില്‍ തങ്ങളുടെ എം.എല്‍.എ കോണ്‍ഗ്രസിലെത്തുന്നത്.

Top