ജനിതക കാരണങ്ങളാല്‍ അൽഷിമേഴ്‌സ് വന്നേക്കാം; ഇടവേളയെടുത്ത് നടൻ ക്രിസ് ഹെംസ് വെർത്ത്

സിഡ്നി: സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഹോളിവുഡ് നടൻ ക്രിസ് ഹെംസ് വെർത്ത്. ജനിതകമായ കാരണങ്ങളാല്‍ തനിക്ക് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലായതിനാല്‍ കുറച്ചുകാലം അഭിനയത്തില്‍ നിന്നും അവധിയെടുക്കുന്നുവെന്നാണ് താരം അറിയിച്ചത്. ‘തോര്‍’ എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകമെങ്ങും നിരവധി ആരാധകരുള്ള താരമാണ് ക്രിസ് ഹെംസ് വെർത്ത്.

അടുത്തിടെയാണ് തനിക്ക് അൽഷിമേഴ്‌സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് താരം വെളിപ്പെടുത്തിയത്. 39 കാരനായ ഓസ്‌ട്രേലിയൻ നടൻ ഡിസ്നി പ്ലസിൽ സ്ട്രീം ചെയ്യാനിരിക്കുന്ന സീരിസിന്റെ ചിത്രീകരണത്തിനിടെ പതിവ് പരിശോധനകൾക്ക് വിധേയനാകുന്നതിനിടെയാണ് ഈ അല്‍ഷിമേഴ്സ് സാധ്യത മനസിലാക്കിയത്.

ക്രിസ് ഹെംസ്വർത്ത് എപിഒഇ4 (APOE4) ജീനിന്റെ രണ്ട് പതിപ്പുകള്‍ വഹിക്കുന്നു എന്നാണ് പരിശോധന കണ്ടെത്തിയത്. ഇത് അൽഷിമേഴ്‌സ് രോഗത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. എന്നാൽ, ഇത് അൽഷിമേഴ്‌സിന്റെ രോഗനിർണ്ണയമല്ലെന്നും നടനെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗം ഉണ്ടാകും എന്ന് ഉറപ്പിക്കുന്നില്ലെന്നും എന്നാൽ ആശങ്കയ്ക്ക് കാരണമാണ് ഈ കണ്ടെത്തൽ എന്നാണ് ക്രിസ് ഹെംസ് വെർത്ത് വെളിപ്പെടുത്തിയത്. വാനിറ്റി ഫെയറിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

നാഷണൽ ജിയോഗ്രാഫിക്ക് ലിമിറ്റ്‌ലെസിന്റെ ഒരു എപ്പിസോഡിനിടെ നടൻ പറഞ്ഞു, “ഞാൻ ഇതിനകം ചെയ്യാൻ കരാർ ചെയ്ത ചില പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കുറച്ച് സമയം വിശ്രമം എടുക്കണം എന്ന തീരുമാനം എന്നിലുണ്ടായി. ഇപ്പോള്‍ അഭിനയിക്കുന്ന ഷോ പൂർത്തിയാക്കിയതിന് ശേഷം വിശ്രമം എടുക്കും”

വാനിറ്റി ഫെയർ അഭിമുഖത്തിനിടെ തന്റെ മുത്തച്ഛന് അൽഷിമേഴ്‌സ് ഉള്ളതിനാൽ ഇപ്പോഴത്തെ രോഗനിർണയം ആശ്ചര്യകരമല്ലെന്ന് ക്രിസ് ഹെംസ് വെർത്ത് പറഞ്ഞു. ഈ കണ്ടെത്തല്‍ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ നിർബന്ധിതനാക്കിയെന്നും താരം പറഞ്ഞു.

“നമ്മളിൽ ഭൂരിഭാഗവും, മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കാനാണ് ഇഷ്ടപ്പെടുന്നത്. അപ്പോൾ പെട്ടെന്ന് ചില സൂചനകള്‍ ഇത് സംഭവിക്കാൻ പോകുന്ന വഴി ചൂണ്ടിക്കാണിക്കുന്നു, അത് യാഥാർത്ഥ്യമാണ്” ക്രിസ് ഹെംസ് വെർത്ത് പറയുന്നു. എന്നോട് അത് പറഞ്ഞതിനാൽ എനിക്ക് എന്റെ മെമ്മറി മോശമായോ എന്ന സംശയം ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്, ഇത് ഒരു പ്ലേസിബോ ഇഫക്റ്റാണ് എന്നും തമാശയായി ക്രിസ് ഹെംസ് വെർത്ത് സൂചിപ്പിച്ചു.

Top