സുഹൃത്തുക്കളെ സഹായിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാര്‍; ഇസ്രായേലിനോട് മോദി

ന്യൂഡല്‍ഹി: ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നു കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന് മറുപടിയുമായി നരേന്ദ്ര മോദി. സുഹൃത്തുക്കള്‍ക്ക് സാധിക്കുന്ന എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയാറാണ്. ഇസ്രായേല്‍ ജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു മോദിയുടെ പ്രതികരണം.

മഹാമാരിക്കെതിരെ യോജിച്ച് നിന്ന് നാം പോരാടണമമെന്ന് നെതന്യാഹുവിന്റെ ട്വീറ്റ്
പങ്കുവെച്ചായിരുന്നു മോദിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം ട്വീറ്റിലൂടെയാണ് നെതന്യാഹു ഇന്ത്യയോടുളള നന്ദി അറിയിച്ചത്. ‘ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മരുന്ന് അയച്ചു തന്നതില്‍ എന്റെ പ്രിയ സുഹൃത്ത് മോദിക്ക് നന്ദി, ഇസ്രയേല്‍ ജനത മുഴുവന്‍ നന്ദി അറിയിക്കുന്നു’ – എന്നും അദേഹം ട്വീറ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് ഇന്ത്യയില്‍ നിന്നും ഇസ്രായേലിലേക്ക് അഞ്ച് ടണ്‍ വരുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഉള്‍പ്പെടെ ഉളള സാധനങ്ങള്‍ കയറ്റി അയച്ചത്.ലോക രാജ്യങ്ങള്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ കൊവിഡിന് എതിരെ ഫലപ്രദമാണെന്നാണ് വിശ്വസിക്കുന്നത്.

നേരത്തെ, സമയബന്ധിതമായ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും ബ്രസീലും നന്ദി അറിയിച്ചിരുന്നു. ഹൈഡ്രോക്സിക്ളോറോക്വിന്‍ എന്ന മരുന്ന് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന ഉറപ്പ് ഇന്ത്യയില്‍ നിന്ന് ലഭിച്ചെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ രാജ്യത്തെ അറിയിച്ചത്.

ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകളുടെ ഉല്‍പാദനത്തിലും വിതരണത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 25ന് നിരോധിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തിലാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചത്. എന്നാല്‍ ലോക രാജ്യങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ഇന്ത്യ കഴിഞ്ഞ ദിവസം എടുത്തുമാറ്റുകയായിരുന്നു. കോവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഇതിന് പിന്നെലെയാണ് ഇന്ത്യ അമേരിക്ക, ബ്രസീല്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്തത്.

Top