ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി

alwar-lynching

ജയ്പൂര്‍ : ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ആല്‍വാറില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട അക്ബര്‍ഖാന് കൃത്യസമയത്ത് ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. അഞ്ചു പോലീസുകാര്‍ക്കെതിരെയാണ് നടപടി എടുത്തിട്ടുള്ളത്.

എ.എസ്.ഐയെ സസ്പന്റെു ചെയ്യുകയും നാല് കോണ്‍സ്റ്റബിള്‍മാരെ സ്ഥലം മാറ്റുകയുമാണ് ചെയ്തത്. കഴിഞ്ഞ ദിവസം നടന്ന വകുപ്പ് തല അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേറ്റ രക്ബര്‍ ഖാനെ ആശുപത്രിയിലെത്തിക്കാന്‍ മൂന്നു മണിക്കൂര്‍ വൈകിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

തന്റെ തെറ്റ് ഏറ്റുപറഞ്ഞ എ.എസ്.ഐ മോഹന്‍ സിങ്ങിനെയാണ് സസ്പന്റെ് ചെയ്തത്. സംഭവത്തില്‍ പങ്കാളികളായ മറ്റ് നാലു കോണ്‍സ്റ്റബിള്‍മാരെ പൊലീസ് ക്യാമ്പുകളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. രക്ബര്‍ ഖാനെ പൊലീസ് വാഹനത്തില്‍ വച്ച് മര്‍ദിച്ച ഡ്രൈവര്‍ ഹരീന്ദറും സ്ഥലം മാറ്റിയവരില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പശുകടത്തിന്റെ പേരില്‍ ഹരിയാന സ്വദേശി അക്ബര്‍ ഖാനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നത്. ഹരിയാനയിലെ കോല്‍ഗ്നാവില്‍ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാല്‍വാന്ദിയിലേക്ക് രണ്ട് പശുക്കളുമായെത്തിയ അക്ബര്‍ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അമ്പതോളം പേര്‍ ചേര്‍ന്നാണ് അക്ബറിനെ ആക്രമിച്ചത്.

മര്‍ദ്ദിച്ച് അവശനായ അക്ബര്‍ഖാന്‍ മൂന്നേ മുക്കാല്‍ മണിക്കൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു എന്ന് തെളിഞ്ഞിരുന്നു. പരിക്കേറ്റയാളെയും കൊണ്ട് നേരെ ആശുപത്രിയിലേക്ക് പോകുന്നതിന് പകരം പൊലീസ് സ്റ്റേഷനിലേക്ക് പോയി. പിന്നീട് ഒരു വണ്ടി സംഘടിപ്പിച്ച് പിടിച്ചെടുത്ത പശുക്കളെ ഒരു ആലയില്‍ എത്തിച്ചു. ഇതെല്ലാം കഴിഞ്ഞ് ആശുപത്രിയിലേക്ക് പരിക്കേറ്റയാളെയും കൊണ്ടുപോകുമ്പോള്‍ വാഹനം നിര്‍ത്തി ചായകുടിക്കാനും പൊലീസ് മറന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

Top