ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച; 100 പവനും 70000 രൂപയും കവര്‍ന്നു

കൊച്ചി: ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. 100 പവന്‍ സ്വര്‍ണവും 70000 രൂപയുമാണ് കവര്‍ന്നത്. കഴുത്തില്‍ പൊട്ടിയ കുപ്പിവച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച എന്ന് പൊലീസ് പറയുന്നു.

പുലര്‍ച്ചെ രണ്ടരയോടെ അത്താണിയില്‍ ഡോക്ടറുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.ഡോ. ഗ്രേസ് മാത്യു 15 വര്‍ഷത്തോളായി ഇവിടെ തനിച്ചാണ് താമസം ഡോക്ടറുടെ ഭര്‍ത്താവ് ഡോ. മാത്യു അമേരിക്കയിലും ഏക മകന്‍ ഡോ. അജിത്ത് നേവിയിലുമാണ്. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ഗ്രേസ് മാത്യു ഉറങ്ങുന്ന മുറിയിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയിരുന്നു. ആക്രമിക്കരുതെന്ന് ഡോക്ടര്‍ അപേക്ഷിച്ചതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ കൈയേറ്റത്തിന് മുതിര്‍ന്നില്ല.

മുഖംമൂടിയും അടിവസ്ത്രവും മാത്രം ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറില്‍നിന്നും എടുത്തതാണ് സ്വര്‍ണമെന്ന് ഡോ. ഗ്രേസ് പൊലീസിനോട് പറഞ്ഞു. ബാങ്കില്‍നിന്നും സ്വര്‍ണം പിന്‍വലിച്ചത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു

Top