ആലുവ കൊലപാതകം: പ്രതിയെ കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയുടെ ഭാഗമായി പ്രതി അസ്ഫാക് ആലത്തെ കോടതിയില്‍ ഹാജരാക്കി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കുറ്റപത്രത്തില്‍ പോലീസ് ചുമത്തിയ ചില വകുപ്പുകള്‍ നിലനില്‍ക്കുമോയെന്നത് സംബന്ധിച്ച് എറണാകുളം പോക്‌സോ കോടതി സംശയം ഉന്നയിച്ചു.

ബലാത്സംഗത്തിനിടെയുള്ള പരുക്കാണ് മരണകാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച ഡോക്ടറുടെ മൊഴി കുറ്റപത്രത്തിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി പ്രതി അസ്ഫാക് ആലത്തിനുമേല്‍ ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമോ എന്നതില്‍ പ്രാഥമിക വാദം കേട്ടിരുന്നു. തുടര്‍ന്നാണ് ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചത്. 15 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കല്‍, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

കുറ്റപത്രം സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ പറഞ്ഞു. വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം. കേസില്‍ 99 സാക്ഷി മൊഴികളടക്കം 645 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 62 തൊണ്ടി സാധനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. വിചാരണയില്‍ പ്രതിക്കും സാക്ഷികള്‍ക്കുമായി പരിഭാഷാ സാഹായം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Top