മുന്‍ മന്ത്രിക്കെതിരായ അന്വേഷണം വൈകുന്നു; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചി: ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം.അന്വേഷണത്തിനുള്ള അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുന്‍ മന്ത്രിക്കെതിരെ അഴിമതി അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം.ഇബ്രാഹിംകുഞ്ഞ് മുന്‍ മന്ത്രിയായതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അടുത്ത മാസം 24 ന് മുമ്പ് അനുമതി അപേക്ഷയില്‍ തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കേസ് ഫെബ്രുവരി 24 ന് വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ഒരു വര്‍ഷമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

2014ല്‍ വി കെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് ആലുവ മണപ്പുറത്ത് സ്ഥിരം ആര്‍ച്ച് പാലം നിര്‍മ്മിച്ചത്. ആറ് കോടി രൂപയ്ക്കായിരുന്നു നിര്‍മാണ കാരാര്‍. പദ്ധതി പൂര്‍ത്തിയാക്കിയത് 17 കോടി രൂപയ്ക്കാണ്. രണ്ട് കമ്പനികളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ടെണ്ടറില്‍ കരാര്‍ ലഭിച്ച് കമ്പനിയ്ക്ക് ആര്‍ച്ച് പാലം നിര്‍മ്മിച്ച് മതിയായ പരിചയം ഉണ്ടായിരുന്നില്ല. പാലത്തിന് ഉപയോഗിച്ച നിര്‍മാണ സാമഗ്രികളുടെ യാതൊരു വിവരവും പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍ ഇല്ലെന്നും 4.20 കോടി രൂപ ഖജനാവിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നുമാണ് ആരോപണം.

Top