ആലുവ ആലങ്ങാട്ടെ ദുരഭിമാനക്കൊല; 14 വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും

കൊച്ചി: ആലുവ ആലങ്ങാട്ടെ ദുരഭിമാനക്കൊലയില്‍ മരിച്ച 14 വയസുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചൊവ്വാഴ്ച രാത്രി പൊലീസ് പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

ഒക്ടോബര്‍ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നല്‍കിയത്. ഇയാള്‍ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായില്‍ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് പിന്നീട് കൊച്ചിയിലെ സ്വകര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിഷം ഉള്ളില്‍ച്ചെന്ന് പെണ്‍കുട്ടിയുടെ ആന്തരികവായവങ്ങള്‍ വൃക്ക, കരള്‍ എന്നിവ തകരാറിലായിരുന്നു. ശരീരം മരുന്നിനോട് പ്രതികരിക്കാതെ വന്നതോടെ ചൊവ്വാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു.

സ്വന്തം പിതാവാണ് മര്‍ദ്ദിച്ച് വിഷംകുടിപ്പിച്ചതെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റ് മുമ്പാകെ മരണമൊഴി നല്‍കിയിരുന്നു. പിതാവിന്റെ ക്രൂരത സംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മയും മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ആലുവ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പിതാവ് അബീസിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി സ്വയം വിഷം കഴിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. വധശ്രമത്തിനും ശിശു സംരക്ഷണ നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊലക്കുറ്റവും മറ്റു വകുപ്പുകളും ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

Top