ആലുവയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആലുവ: ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസും ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

സെക്യൂരിറ്റി ജീവനക്കാരനായ വിജയന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആംബുലന്‍സില്‍ എത്തിച്ച വിജയനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായില്ല. ഇയാളെ അര മണിക്കൂറോളം ആംബുലന്‍സില്‍ കിടത്തി. ഇതിന് പിന്നാലെയാണ് വിജയന്‍ മരണപ്പെട്ടത്. ശ്വാസതടസത്തെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം, ആശുപത്രി അധികൃതര്‍ ആരോപണം തള്ളി രംഗത്തെത്തി. കോവിഡ് ലക്ഷണം ഉള്ളതിനാല്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള കാലതാമസമാണ് നേരിട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

Top