ആലുവ സ്വര്‍ണക്കവര്‍ച്ച: കൃത്യത്തിന് മുമ്പ് തങ്ങള്‍ റിഹേഴ്സല്‍ നടത്തിയതായി പ്രതികള്‍

കൊച്ചി:ആലുവയിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണം കവര്‍ന്ന കേസിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തി പ്രതികള്‍.സ്വര്‍ണം കവരുന്നതിനു മുമ്പ് തങ്ങള്‍ റിഹേഴ്സല്‍ നടത്തിയതായി പിടിയിലായ പ്രതികള്‍ പറഞ്ഞു. ഇതടോ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവര്‍ച്ചയെന്ന് പൊലീസ് ഉറപ്പിച്ചു.

കേസില്‍ ഇതുവരെ അഞ്ചുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടിയിട്ടുണ്ട്. തൊടുപുഴ മുതലക്കോടം സ്വദേശി ബിബിന്‍ ജോര്‍ജാണ് ആദ്യം പിടിയിലായത്. ഇയാള്‍ സ്ഥാപനത്തിലെ മുന്‍ ഡ്രൈവറാണെന്നും വിവരമുണ്ട്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നാലുപേരെ മൂന്നാര്‍ ചിന്നക്കനാലിന് സമീപത്തെ വനമേഖലയില്‍ നിന്ന് പിടികൂടി. പോലീസ് എത്തിയതോടെ പ്രതികള്‍ ആക്രമണത്തിന് ശ്രമിച്ചെങ്കിലും ആലുവ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ കീഴടക്കുകയായിരുന്നു.

ഇടുക്കി സ്വദേശികളായ രാജേഷ്, സനീഷ്, സതീഷ്, നസീബ് എന്നിവരെയാണ് ചിന്നക്കനാലില്‍ നിന്ന് പിടികൂടിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികളില്‍ മൂന്നുപേര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളില്‍ നിന്നും തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

കവര്‍ച്ചയ്ക്ക് ശേഷം തൊണ്ടിമുതല്‍ ഒളിപ്പിച്ച് പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നെന്ന് ആലുവ റൂറല്‍ എസ്പി രാഹുല്‍ ആര്‍. നായര്‍ പറഞ്ഞു. തൊണ്ടിമുതല്‍ കണ്ടെടുക്കാനായിട്ടില്ല. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ഈ മാസം ഒമ്പതിനാണ് ആലുവ എടയാറില്‍ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വര്‍ണം പ്രതികള്‍ കവര്‍ന്നത്.

Top