ആലുവ ‘ഗിഫ്റ്റ്-സിറ്റി’ പദ്ധതി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചി: കൊച്ചി നഗരത്തിന് പുത്തന്‍ പ്രതീക്ഷകളേകി ഗിഫ്റ്റ് പദ്ധതി. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ആലുവയില്‍ ഗിഫ്റ്റ് പദ്ധതി വരുന്നത്. പത്തുവര്‍ഷം കൊണ്ട് 18000 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതിയില്‍ പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 540 കോടി രൂപ അനുവദിച്ചു. 1600 കോടിയുടെ വികസന പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിതനായ അല്‍കേഷ് കുമാര്‍ ശര്‍മ്മയാണ് വാര്‍ത്താക്കുറിപ്പിലൂടെ പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.

ആലുവ -നെടുമ്പാശ്ശേരി റൂട്ടില്‍ 220 ഹെക്ടര്‍ ഭൂമി ഇതിനായി ഏറ്റെടുക്കും. വിജ്ഞാന- വ്യാവസായിക നഗരം എന്ന നിലക്കാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 1,20000 പേര്‍ക്ക് നേരിട്ടും 3,60000 പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിക്കും എന്നാണ് വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് പദ്ധതിക്കുളള അംഗീകാരം നല്‍കി. 2021 ഫെബ്രുവരി ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം. 220 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കുക. അടുത്ത മാര്‍ച്ചില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.

Top