മൂന്നു വയസുകാരന്റെ മരണം ; പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം

ആലുവ : ആലുവ ഏലൂരില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ് മരിച്ച കുഞ്ഞിന്റെ സംസ്‌കാരം സംബന്ധിച്ച് തീരുമാനമായില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ബന്ധുക്കളെ കണ്ടെത്തി മൃതദേഹം കൈമാറിയ ശേഷമാകും കുട്ടിയുടെ സംസ്‌കാരകാര്യത്തില്‍ തീരുമാനം എടുക്കുക. മര്‍ദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാന്‍ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കളമശേരി മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കാന്‍ രണ്ടംഗ പൊലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും. നേരത്തെയും കളമശേരി പൊലീസിന്റെ നേതൃത്വത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തിരുന്നു. സംസ്‌കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ കുട്ടിയുടെ അമ്മയ്ക്ക് അവസരം നല്‍കും. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.

അടുക്കളയില്‍വച്ച് കുസൃതി കാണിച്ചപ്പോള്‍ തലയ്ക്കടിച്ചെന്നാണ് അമ്മ പോലീസിന് നല്‍കിയ മൊഴി. അടുക്കളയില്‍ ഉപയോഗിക്കുന്ന കട്ടിയുള്ള ഉപകരണം വച്ച് മൂന്നു വയസ്സുകാരന്റെ തലയുടെ വലതുഭാഗത്ത് ആഞ്ഞടിക്കുകയായിരുന്നു, തലയോട്ടി പൊട്ടി തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ഈ രക്തം കട്ട പിടിച്ചതോടെയാണ് കുഞ്ഞിന്റെ നില ഗുരുതരമായത്.

Top