അമ്മ ക്രൂരമായി മ‍ർദ്ദിച്ച കുട്ടിയുടെ നില അതീവ ഗുരുതരം; തലച്ചോറിന്‍റെ പ്രവ‍ർത്തനം നിലച്ചു

കൊച്ചി: ആലുവയില്‍ അമ്മ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ സംഘം. കുഞ്ഞിന്റെ തലച്ചോറില്‍ നീര്‍ക്കെട്ട് തുടരുകയാണ്. കുഞ്ഞിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിന്റെ പല ഭാഗത്തേയ്ക്കുമുള്ള രക്തയോട്ടവും നിലച്ച അവസ്ഥയാണ്. വിദഗ്ധ മെഡിക്കൽ സംഘം ആശുപത്രിയിലെത്തി കുട്ടിയെ പരിശോധിച്ചു.

മാരകമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞ രാത്രി ആലുവയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസുകാരനെ മർദ്ദിച്ചത് സ്വന്തം അമ്മ തന്നെയെന്ന് കണ്ടെത്തിയിരുന്നു. അനുസരണക്കേടിന് കുട്ടിയെ ശിക്ഷിച്ചെന്നാണ് അമ്മയുടെ മൊഴിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.

അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശിയായ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്.

എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തുകയായിരുന്നു.

Top