മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു

കൊച്ചി: ആലുവയില്‍ അമ്മയുടെ മര്‍ദനമേറ്റ് മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. കൊച്ചി പാലക്കാമുഗള്‍ വടകോട് ജുമാ മസ്ജിദിലായിരുന്നു സംസ്‌കാരം നടന്നത്. കുട്ടിയുടെ മൃതദേഹം കാണാന്‍ അമ്മയ്ക്കും അച്ഛനും പൊലീസ് സൗകര്യം ഒരുക്കിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തലയ്ക്ക് മാരക പരിക്കേറ്റ നിലയില്‍ മൂന്നുവയസ്സുകാരനെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയില്‍ വീണതാണെന്നായിരുന്നു പിതാവ് ഡോക്ടര്‍മാര്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ കുട്ടിയുടെ ദേഹത്തെ പാടുകളും മുറിവുകളും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുകയായിരുന്നു. ഇതോടെ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളായ ജാര്‍ഖണ്ഡ് സ്വദേശിനി ഹെനയേയും ബംഗാള്‍ സ്വദേശി ഷാജിത് ഖാനെയും ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ മര്‍ദനമേറ്റാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റതെന്ന് വ്യക്തമായത്. മര്‍ദനത്തില്‍ തലച്ചോര്‍ തകര്‍ന്നതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.

Top