അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ഭുവനേശ്വറിലേക്ക്

കൊച്ചി: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിന്‍ അനുവദിച്ചു. ആദ്യ ട്രെയിന്‍ ആലുവയില്‍ നിന്നും ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് ആയിരിക്കുമെന്നാണ് വിവരം. ഈ ട്രെയിന്‍ ഇന്ന് വൈകിട്ട് ആറു മണിയോടെ പുറപ്പെടുമെന്നാണ് സൂചന.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനാണിത്. അതുകൊണ്ട് മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല. ആലുവയില്‍ നിന്ന് പുറപ്പെട്ടാല്‍ ഭുവനേശ്വറില്‍ മാത്രമാണ് ട്രെയിന്‍ നിര്‍ത്തുക.

ഒഡീഷയില്‍ നിന്നുള്ള അതിഥി തൊഴിലാളികളെയാവും ആദ്യം കൊണ്ടുപോവുക. 1200 പേരെ കൊണ്ടു പോകാനാണ് തീരുമാനം. വിവിധ ക്യാപുകളില്‍ നിന്നായി നാട്ടിലേയ്ക്ക് മടങ്ങേണ്ടവരെ റെയില്‍വെ സ്റ്റേഷനില്‍ പൊലീസുകാര്‍ എത്തിക്കും.

ഇന്ന് ഒരു ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുക. നാളെ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. ആരും തിരക്ക് കൂട്ടേണ്ടെന്നും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനുകള്‍ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയ സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. സംസ്ഥാനം തിരിച്ച് കണക്കെടുത്ത് ഓരോ സംസ്ഥാനങ്ങളിലേക്കും പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Top