അള്‍ട്ടോ ഹാച്ച് ബാക്കിന്റെ പുതിയ മോഡലുമായി മാരുതി

ള്‍ട്ടോ ഹാച്ച് ബാക്കിന്റെ പുതിയ മോഡല്‍ മാരുതി വിപണിയിലെത്തിച്ചു. ബി എസ് -6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങളോടെയാണ് പുതിയ മോഡല്‍ എത്തുന്നത്.

ബി.എസ്.-6 കംപ്ലൈന്റ് എന്‍ട്രി സെഗ്മെന്റോടുകൂടിയുള്ള ഇന്ത്യയിലെ ആദ്യ കാറാണ് പുതിയ അള്‍ട്ടോ.കരുത്തുറ്റ എന്‍ജിനും മികച്ച ഇന്ധനക്ഷമതയുമാണ് ഇതിനുള്ളത്. 22.05 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

48 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കുമേകുന്ന 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. എബിഎസും എയര്‍ബാഗും ഉള്‍പ്പെടെ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ മോഡല്‍ നിരത്തിലെത്തുന്നത്. എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

പുതിയ മോഡലിലെ ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും ഹണി കോംമ്പ് ഷേപ്പിലുള്ള വലിയ എയര്‍ഡാമും പുതിയ ബമ്പറും വാഹനത്തെ വേറിട്ടതാക്കുന്നു. വാഹനത്തിന്റെ ഇന്റീരിയര്‍ ബ്ലാക്ക്-ബെയ്ജ് ഡ്യുവല്‍ ടോണിലാണ്. എഫ്എം, യുഎസ്ബി, ഓക്സിലറി എന്നിവ നല്‍കിയിട്ടുള്ള മ്യൂസിക് സിസ്റ്റം, ആള്‍ട്ടോ കെ10-ല്‍ നല്‍കിയിരുന്ന ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍.

മൂന്ന് വേരിയന്റുകളിലാണ് പുതിയ മോഡല്‍ എത്തുന്നത്. നിലവിലെ മോഡലിനേക്കാളും 30000 രൂപ കൂടുതലാണ് പുതിയ മോഡലിന്. 2.93 ലക്ഷം രൂപ, 3.5 ലക്ഷം രൂപ, 3.71 ലക്ഷം രൂപ എന്നിങ്ങനെയാണ് വേരിയന്റുകളുടെ എക്സ്-ഷോറൂം വില. അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജീറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

Top