എല്‍ഡിഎഫില്‍ പുതിയ കക്ഷികള്‍ വന്നെങ്കിലും വോട്ട് വിഹിതം ഉണ്ടായില്ല; കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫില്‍ നിന്ന് പുതിയ കക്ഷികള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വന്നെങ്കിലും അതനുസരിച്ച് വോട്ട് വിഹിതം ഉണ്ടായില്ലെന്ന് കാനം വിമര്‍ശിച്ചു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും താരതമ്യേന നാമമാത്രമായ വര്‍ധനവാണ് എല്‍ഡിഎഫിനുണ്ടായിട്ടുള്ളത്. അത് പക്ഷേ പുതിയ കക്ഷികള്‍ വന്നതുകൊണ്ടല്ലെന്നും സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാടുകള്‍ കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് സര്‍ക്കാരിനെ അടുപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വിഭജന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സ്വീകരിച്ച മതനിരപേക്ഷ നിലപാടുകള്‍ക്ക് വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ വിജയം ഒന്നാം പിണറായി സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ തള്ളുന്നതാണ്. യുഡിഎഫും ബിജെപിയും ആഭ്യന്തര പ്രശ്നങ്ങളുടെ ചുഴിയില്‍പ്പെട്ട് തകര്‍ച്ചയെ നേരിടുകയാണ്’. കാനം പറഞ്ഞു.

 

Top