നജീബ് ജീവിതവുമായി താരതമ്യം ചെയ്യാൻ കഴിയാത്തത്;ആടുജീവിതം നമ്മള്‍ മലയാളികളുടെ സിനിമ:പൃഥ്വിരാജ്

ലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ‘ആടുജീവിത’ത്തെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍. ആടുജീവിതം മലയാളിയുടെ സ്വന്തം സിനിമയാണെന്നും മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം തന്നെ ഏറ്റവുമധികം സ്വാധീനിച്ചതെന്നും നടന്‍ പറഞ്ഞു. നജീബ് ജീവിച്ച ജീവിതവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും തങ്ങളുടേതായ രീതിയില്‍ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നുവെന്നും നടന്‍ പ്രതികരിച്ചു. കൊച്ചിയില്‍ വെച്ചു നടന്ന ആടുജീവിത്തത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംവദിക്കവെ നടന്‍ പറഞ്ഞു.

നജീബെന്ന മനുഷ്യന്‍ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ല, എങ്കിലും ഞങ്ങളുടേതായ രീതിയില്‍ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. ഇത്തരം കഠിനമായ യാത്രകള്‍ മറ്റ് സിനിമകള്‍ക്ക് ഉണ്ടാകരുതേ എന്നാണ് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്. ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ എല്ലാക്കാലവും നന്ദിയോടെ ഓര്‍മിക്കും. ഒരുപാട് കാലങ്ങളില്‍ ഇത് എന്തുകൊണ്ടെന്നും എന്തിന് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ വളരെ നന്ദിയോടെയാണ് ഓര്‍ക്കുന്നത്. മനുഷ്യരെന്ന നിലയില്‍ വളരെയധികം പരിണാമങ്ങളും, മാറ്റങ്ങളുമുണ്ടായി. എല്ലാക്കാലത്തും എന്റെ ജീവിതത്തില്‍ ഞാന്‍ സൂക്ഷിക്കുന്ന കുറച്ച് കാര്യങ്ങളില്‍ ആടുജീവിതമെന്ന സിനിമയും ഷൂട്ടിങ് ദിവസങ്ങളും ഉണ്ടായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.ചിത്രത്തിലെ നായിക അമലപോള്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 10 വര്‍ഷത്തോളമെടുത്ത് എഴുതിയും ഏഴ് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങിനുമൊടുവിലാണ് ആടുജീവിതം മാര്‍ച്ച് 28 ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമക്ക് വേണ്ടി പൃഥ്വി 30 കിലോയോളം കുറച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും.

വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പ് തന്നെ നേടാന്‍ കഴിയൂ. ഈ സിനിമയ്ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടായി. സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ആടുജീവിതം എന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. ആടുജീവിതത്തിന്റെ യാത്രക്കിടയില്‍ എന്റെ ജീവിതം ഒരുപാട് മാറി. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ ഇതിനിടയില്‍ സംഭവിച്ചിട്ടുണ്ട്.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ‘ഹോപ്’ എന്ന പ്രൊമോ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. പ്രതീക്ഷ എന്ന ആശയമാണ് ഗാനം പങ്കുവെയ്ക്കുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീത സംവിധാനം. എ ആര്‍ റഹ്‌മാന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുമുണ്ട്. അദ്ദേഹം തന്നെയാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതും.

Top