ബി.ജെ.പിക്ക് ബദൽ കോൺഗ്രസ്സല്ല, സി.പി.ഐക്ക് മുഖ്യമന്ത്രിയുടെ മറുപടി

ഇടുക്കി: ബിജെപി ഭരണത്തിന്‌ ബദലാകാൻ കോൺഗ്രസിന്‌ ഒരിക്കലും കഴിയില്ലന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസ്സിനേ കഴിയൂ എന്ന സി.പി.ഐ നിലപാടിനെ തള്ളിയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ജനങ്ങൾക്ക്‌ കോൺഗ്രസ്സിലുള്ള വിശ്വാസ്യത പൂർണമായി നഷ്ടപ്പെട്ടു.

കോൺഗ്രസ്‌ തുടങ്ങിവച്ച സാമ്പത്തികനയങ്ങളാണ്‌ ബിജെപി നടപ്പാക്കുന്നത്‌. മതനിരപേക്ഷത സംരക്ഷിക്കുന്നതിലും കോൺഗ്രസ്‌ പരാജയപ്പെട്ടു. ബിജെപി മാറി കോൺഗ്രസ്‌ അധികാരത്തിൽ വന്നാലും നയങ്ങൾ മാറില്ലെന്ന്‌ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ തിരിച്ചറിയുന്നു വെന്നും പിണറായി ചൂണ്ടിക്കാട്ടി.സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷത സംരക്ഷിക്കാനാണ്‌ ആഗ്രഹിക്കുന്നതെങ്കിൽ വർഗീയതയോട്‌ വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കണം. കോൺഗ്രസിന്‌ അതിനു കഴിയുന്നില്ല. വർഗീയതയുമായി സമരസപ്പെട്ട ചരിത്രമാണ്‌ കോൺഗ്രസിനുള്ളത്‌. താനൊരു ഹിന്ദുവാണെന്നും ഹിന്ദുവിന്റെ ഭരണമാണ്‌ രാജ്യത്ത്‌ വേണ്ടതെന്നുമാണ്‌ രാഹുൽഗാന്ധി പറഞ്ഞത്‌. ഈ പ്രസ്‌താവനയെ മതനിരപേക്ഷതയിൽ ഊന്നിനിന്ന്‌ എതിർക്കാൻ ഒരു കോൺഗ്രസ്‌ നേതാവും തയ്യാറല്ലന്നും പിണറായി പറഞ്ഞു.

രാഹുലിന്റെ പ്രസ്‌താവന മതനിരപേക്ഷ നിലപാടാണെന്ന്‌ വ്യാഖ്യാനിക്കണമെങ്കിൽ, അസാധാരണ തൊലിക്കട്ടിവേണമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സി.പി.ഐക്ക് എതിരെയുള്ള ഒളിയമ്പാണിത്. ഇത്രമാത്രം അധഃപതിച്ച കോൺഗ്രസിനെ മതനിരപേക്ഷസമൂഹത്തിന്‌ എങ്ങനെ വിശ്വാസത്തിലെടുക്കാനാകുമെന്ന്‌ പിണറായി ചോദിച്ചു. രാജ്യത്ത്‌ കോൺഗ്രസ്‌ ശോഷിച്ചു. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ വലിയ ശക്തിയല്ല. പ്രാദേശിക രാഷ്‌ട്രീയപാർടികളാണ്‌ സംസ്ഥാനങ്ങളിലെ ശക്തികേന്ദ്രങ്ങൾ.  ഇതിൽ ചില പാർടികൾ ബിജെപിയോടൊപ്പം നിന്നവരാണ്‌. പക്ഷേ അനുഭവം അവരെ ബിജെപിക്ക്‌ എതിരായ നിലപാടെടുക്കാൻ പ്രേരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

 

ജനങ്ങൾക്ക്‌ കരുതലൊരുക്കി  ബദൽനയം നടപ്പാക്കാൻ സന്നദ്ധരായി ഒട്ടേറെ പ്രബല പ്രാദേശിക രാഷ്‌ട്രീയകക്ഷികളുണ്ട്‌. അവരെ ശരിയായ രീതിയിൽ രംഗത്തിറക്കി വിവിധ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാം. വർഗീയതയെ ചെറുത്ത്‌ മതനിരപേക്ഷത സംരക്ഷിക്കുന്നതിലും ബിജെപിയുടെ സാമ്പത്തികനയത്തെ എതിർക്കുന്നതിലും ജനോപകാരനടപടികൾ സ്വീകരിക്കുന്നതിലും ഇടതുപക്ഷം ഉറച്ച നിലപാടാണ്‌  സ്വീകരിച്ചിട്ടുള്ളത്‌. അതുകൊണ്ടുതന്നെ വലിയ പാർടികൾക്ക്‌ പ്രാപ്യമല്ലാത്ത വലിയ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനുണ്ട്‌. ഈ വിശ്വാസ്യതയുടെ കരുത്തിൽ ഇടതുപക്ഷവും മറ്റ്‌ ജനാധിപത്യശക്തികളും പ്രദേശിക കക്ഷികളോടൊപ്പം അണിനിരന്നാൽ ബിജെപിയെ തൂത്തെറിയാൻ പറ്റുമെന്നും പിണറായി വ്യക്തമാക്കി.

സർവേക്കല്ല്‌ പിഴുതെറിഞ്ഞ്‌ വികസനം തടയാനാകില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. നാടിന്റെ ഭാവിക്ക്‌ ആവശ്യമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും ആരെതിർത്താലും സർക്കാർ അതു നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനം തടയാൻ സർവേക്കല്ല്‌ പിഴുതെറിയുമെന്നാണ്‌ ചിലർ പറയുന്നത്‌. കല്ല്‌ പിഴുതെറിയാമെന്ന്‌ മാത്രമേയുള്ളൂ. പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും. സർക്കാരിന്റേത്‌ പിടിവാശിയല്ല. വികസനമെന്നത്‌ നാടിന്റെ ആവശ്യമാണ്‌. ജനങ്ങളും അതാണ്‌ ആഗ്രഹിക്കുന്നത്‌. ഒരു ജനവിരുദ്ധ കാര്യങ്ങളും സർക്കാർ ചെയ്യില്ല. ജനതാൽപ്പര്യം മുൻനിർത്തിയുള്ള നടപടികളെ ഏതെങ്കിലും നിക്ഷിപ്‌ത താൽപ്പര്യക്കാർ എതിർക്കാൻ വന്നാൽ അതുപേക്ഷിക്കില്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ നടപ്പാക്കിയ വികസനവും ജനോപകാര നടപടികളുമാണ്‌ എൽഡിഎഫ്‌ തുടർഭരണത്തിന്‌ വഴിതെളിച്ചത്‌. തുടർഭരണം ഉണ്ടാകാതിരിക്കാൻ വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ്‌-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട്‌ നുണപ്രചാരണങ്ങളുടെ ഘോഷയാത്ര സംഘടിപ്പിച്ചെങ്കിലും  അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങൾ എൽഡിഎഫിനു പിന്നിൽ അണിനിരന്നു.

നാടിന്റെ വികസനകാര്യങ്ങളിൽ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ച നിലപാടാണ്‌ ജനങ്ങളെ കൂടെനിർത്തിയതെന്ന്‌ തിരിച്ചറിഞ്ഞ നുണപ്രചാരകർ വീണ്ടും ഒത്തുകൂടി. പുതിയ സർക്കാർ അധികാരമേറ്റയുടനെ വികസനവിരുദ്ധ മുദ്രാവാക്യവുമായി അവർ രംഗത്തുവരികയാണ്‌. മത്സരിച്ച്‌ വികസനം തടയാനാണ്‌ അവരുടെ ശ്രമം. ഏതാനും ചിലരുടെ എതിർപ്പിന്റെ പേരിൽ വികസനം നടപ്പാക്കാതിരിക്കാനാവില്ല. അങ്ങനെ വന്നാൽ 45 മീറ്റർ ദേശീയപാതയും ഗെയിൽ പൈപ്പുലൈനുമൊന്നും ഇവിടെ ഉണ്ടാകില്ലായിരുന്നു. നാടിനോടുള്ള പ്രതിബദ്ധത മുൻനിർത്തി സർക്കാർ ജനങ്ങളോട്‌ അഭ്യർഥിച്ച്‌ അവരുടെ സഹകരണത്തോടെയാണ്‌ പദ്ധതികൾ നടപ്പാക്കിയതെന്നും പിണറായി പറഞ്ഞു.

Top