സർക്കാറിന് ‘ബദൽ’ നിഴൽ മന്ത്രിസഭ; വ്യത്യസ്ത പരീക്ഷണവുമായി ബി.ജെ.പി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും അധികം തിരിച്ചടി നേരിട്ട പാർട്ടി ബി.ജെ.പിയാണ്. വോട്ടിങ് ശതമാനത്തിലെ ഇടിവ് മാത്രമല്ല കയ്യിലുണ്ടായിരുന്ന ഏക നിയമസഭാ സീറ്റും അവർക്ക് നഷ്ടപ്പെടുകയുണ്ടായി. കെ.സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായ ശേഷം ലഭിച്ച വലിയ തിരിച്ചടിയായിരുന്നു ഇത്. മത്സരിച്ച രണ്ട് സീറ്റുകളിലും ദയനീയമായാണ് സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നത്. എ ക്ലാസ് മുതൽ പല ക്ലാസ്സുകളായി മണ്ഡലങ്ങളെ തിരിച്ച് പ്രവർത്തിച്ചിട്ടും ഇതാണ് ഫലമെങ്കിൽ അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ എന്താകും സ്ഥിതി എന്നതാണ് ബി.ജെ.പി ദേശീയ നേതൃത്വവും കേരള ഘടകത്തോട് ചോദിച്ചിരിക്കുന്നത്. ആവശ്യത്തിൽ ഏറെ പണവും ശക്തമായ കേഡർമാരും ഉണ്ടായിട്ടും കേരളത്തിലെ ജനങ്ങൾക്കിടയിൽ എന്തുകൊണ്ട് ബി.ജെ.പിക്ക് ഇരിപ്പിടം കിട്ടുന്നില്ലന്നതാണ് ദേശീയ നേതൃത്വത്തെ കുഴക്കുന്ന ചോദ്യം.

ആർ.എസ്.എസിന് ദേശീയ തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളതും കേരളത്തിലാണ്. ബി.ജെ.പി – ആർ.എസ്.എസ് ഭിന്നത നിലവിലില്ല. ബി.ജെ.പിയിലെ ചേരിപ്പോരും ഇപ്പോൾ ശക്തമല്ല. എന്നിട്ടും കേരളത്തെ സംബന്ധിച്ച് ഇപ്പോഴും ബി.ജെ.പിയുടെ പ്രതീക്ഷ അകലെയാണ്. ഇതിനു പ്രധാന കാരണമായി ദേശീയ നേതാക്കൾ വിലയിരുത്തുന്നത് സി.പി.എമ്മിൻ്റെ സാന്നിധ്യമാണ്. ബി.ജെ.പി തങ്ങളുടെ വോട്ട് ബാങ്കായി മാറ്റാൻ ആഗ്രഹിക്കുന്ന ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷവും സി.പി.എമ്മിലാണ് അണി ചേർന്നിരിക്കുന്നത്. ദളിത് വിഭാഗങ്ങൾക്കും പ്രിയം ചെങ്കൊടിയോട് തന്നെയാണ്. ഇതു തന്നെയാണ് കാവി രാഷ്ട്രീയം നേരിടുന്ന പ്രധാന വെല്ലുവിളി.

സി.പി.എമ്മിനെ രാഷ്ട്രീയ പരമായി തകർക്കാതെ കേരളത്തിൽ നേട്ടമുണ്ടാക്കാൻ കഴിയില്ലന്ന വിലയിരുത്തലാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനുള്ളത്. അതു കൊണ്ട് കൂടിയാണ് സർക്കാറിനെയും സി.പി.എമ്മിനെയും വെട്ടിലാക്കാൻ കേന്ദ്രം തന്നെ ഇടപെടൽ നടത്തി വരുന്നത്. ചെങ്കൊടിയുടെ പ്രതിച്ഛായ നശിപ്പിക്കുക തന്നെയാണ് ലക്ഷ്യം. എന്നാൽ ഇപ്പോൾ ഈ നീക്കവും പാളിയ സാഹചര്യമാണുള്ളത്. ഇതോടെ പുതിയ ഐഡിയയുമായാണ് ബി.ജെ.പി ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്. അതാണ് ‘നിഴൽ’ മന്ത്രിസഭ.

കേന്ദ്ര സംസ്ഥാന പദ്ധതികളുടെ നടത്തിപ്പു വിലയിരുത്താനും പരാതികളിലും ക്രമക്കേടുകളിലും ഇടപെട്ട് സർക്കാരിന്റെ നടപടി ഉറപ്പാക്കാനുമാണ് ‘നിഴൽമന്ത്രിസഭ’ സ്ഥാപിക്കുന്നത്. ഇതു പ്രകാരം ഓരേ‍ാ വകുപ്പിന്റെയും ചുമതല ലേ‍ാക്സഭ നിയമസഭാ മണ്ഡലം തലത്തിലെ നേതാക്കൾക്കാണ് നൽകുന്നത്.

ബിജെപിക്കു നിയമസഭയിൽ പ്രതിനിധികളില്ലാത്തതിനാൽ പ്രശ്നങ്ങളിൽ പുറത്തുനിന്ന് ഇടപെടാനും പരിഹരിക്കുന്നതിനും ജനങ്ങൾക്കെ‍ാപ്പം നിൽക്കാനുമുള്ള സംവിധാനമാണു നിഴൽമന്ത്രിസഭ കെ‍ാണ്ടു ലക്ഷ്യമിടുന്നതെന്നാണ് നേതൃത്വത്തിൻ്റെ വിശദീകരണം. ഓരേ‍ാ വിഷയത്തിനും കൃത്യമായ നയമുണ്ടാക്കാൻ പാലക്കാട്ട് നടന്ന ബിജെപി സംസ്ഥാന നേതൃശിബിരത്തിൽ ധാരണയായിട്ടുണ്ട്.

പുതിയ കേരളത്തെക്കുറിച്ച് അക്കാദമിക – രാഷ്ട്രീയതല കാഴ്ചപ്പാടുകൾക്കു രൂപവും നൽകും. വികസന ദൈനംദിന പ്രശ്നങ്ങളിൽ ഇടപെട്ട് ജനത്തിനെ‍ാപ്പം നിൽക്കാൻ നിഴൽമന്ത്രിസഭ എന്ന ആശയം യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് അവതരിപ്പിച്ചിരുന്നത്. വിരമിച്ച സിവിൽ സർവീസ് ഉദ്യേ‍ാഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി കേന്ദ്രസഹായത്തേ‍ാടെ പുതിയ കേരളത്തിനുള്ള സമഗ്രരൂപരേഖയുണ്ടാക്കുകയാണ് ലക്ഷ്യം.

ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഈ നീക്കത്തിന് ദേശീയ നേതൃത്വത്തിൻ്റെ പിന്തുണയുമുണ്ട്. കേരളത്തിൽ നിന്നും ചുരുങ്ങിയത് രണ്ട് സീറ്റുകളാണ് ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളാണിത്. കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കറിനെ തിരുവനന്തപുരം മണ്ഡലത്തിൽ ഇറക്കിയതും രാഷ്ട്രീയ നേട്ടം മുന്നിൽ കണ്ടാണ്. ഈ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ജയശങ്കർ അടുത്ത തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് താമര വിരിയുമെന്ന ആത്മവിശ്വാസമാണ് ദേശീയ നേതാക്കളുമായി പങ്കുവച്ചിരിക്കുന്നത്.

സുരേഷ് ഗോപി ശക്തമായ മുന്നേറ്റം നടത്തിയ തൃശൂരിൽ അദ്ദേഹം തന്നെ വീണ്ടും മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന കണക്കു കൂട്ടലും ബി.ജെ.പിക്കുണ്ട്. ഒറ്റ സീറ്റും കിട്ടാതെ വീണ്ടും ബിഗ് സീറോ ആയാൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത നടപടിക്കു തന്നെ ദേശീയ നേതൃത്വം തയ്യാറായേക്കും. ഈ ഭയം ഉള്ളിൽ ഉള്ളതുകൊണ്ടാണ് ‘നിഴൽ മന്ത്രിസഭ’യുമായി സുരേന്ദ്രൻ രംഗത്തു വന്നിരിക്കുന്നത്. എൽ.ഡി.എഫ് – യു.ഡി.എഫ് പോരാട്ടത്തിനിടയിൽ നഷ്ടപ്പെട്ടു പോയ “സ്പെയ്സ്” കണ്ടെത്തുകയാണ് ബി.ജെ.പി ലക്ഷ്യം. അതേസമയം ഈ നീക്കം കോമഡിയായി മാറുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്. അവരത് പരസ്യമായി പറയുന്നില്ലന്നു മാത്രം…

EXPRESS KERALA VIEW

Top