സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇതരവിദഗ്ധ ചികിത്സസൗകര്യം ഒരുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗത്തിനെതിരെ ഇതര വിദഗ്ധ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാന്‍ മര്‍ഗനിര്‍ദേശമായി. 45 മിനിട്ടില്‍ ഫലം ലഭിക്കുന്ന തരത്തില്‍ കൊവിഡ് പരിശോധന നടത്തിയശേഷം ആവശ്യമായ ഘട്ടത്തില്‍ അടിയന്തിര ശസ്ത്രക്രിയകള്‍ നടത്തും. നിയന്ത്രണങ്ങളോടെ നിശ്ചിത സമയങ്ങളില്‍ ഒപി പ്രവര്‍ത്തനവും തുടങ്ങി.

ടെലി മെഡിസിന്‍ സംവിധാനത്തിന്റെ സഹായത്തോടെയായിരിക്കും തുടര്‍ ചികിത്സകള്‍ തീരുമാനിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളെല്ലാം ഇപ്പോള്‍ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുകയാണ്. ഇതോടെ സാധാരണ നിലയിലുള്ള ഒപിയും മുന്‍ കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളുമടക്കം താളംതെറ്റി. പലര്‍ക്കും ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളുമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടല്‍.

കൊവിഡ്, കൊവിഡ് ഇതര ചികിത്സ വിഭാഗങ്ങളിലേക്കായി ജീവനക്കാരെ രണ്ടായി തിരിക്കും. തുടര്‍ ചികിത്സകള്‍ക്കും ആദ്യമായി എത്തുന്നവര്‍ക്കുമായി പ്രത്യേക ഒപി പ്രവര്‍ത്തിക്കും. അടിയന്തര പ്രാധാന്യമില്ലാത്ത ചികിത്സകള്‍ക്കായി താഴേത്തട്ടിലുള്ള ആശുപത്രികളിലേക്ക് ബാക്ക് റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തും. അടിയന്തര സ്വഭാവും മുന്‍ഗണനക്രമവും പരിഗണിച്ച് ശസ്ത്രക്രിയകളും തുടങ്ങി.

കൃത്യമായ ഇടവേളകളില്‍ ചികിത്സ തേടാനാകാത്ത സാഹചര്യമുണ്ടായതിനാല്‍ ഗര്‍ഭിണികളില്‍ ചിലര്‍ക്കെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ ഒരു തരത്തിലും മുടക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കീമോ തെറാപ്പി അടക്കം അര്‍ബുദരോഗ ചികിത്സകളും ഹൃദയശസ്ത്രക്രിയകളും മുറപോലെ നടക്കും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങള്‍ക്കായി പൂര്‍ണമായും പ്രവര്‍ത്തിക്കും. അവയവ മാറ്റ ശസ്ത്രക്രിയകളും മുടക്കില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചികിത്സയുടെ 80 ശതമാനത്തോളവും കൊവിഡ് രോഗ ചികിത്സയ്ക്കായി മാറ്റി വയ്ക്കും.

Top