കൂടാത്തായി കൊലപാതക കേസ്; ജോളിയുടെ ജാമ്യാപേക്ഷകള്‍ തള്ളി

കൂടാത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ തള്ളി ഹൈക്കോടതി. ജസ്റ്റിസ് സി എസ് ഡയസാണ് ഹര്‍ജി തള്ളിയത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ഹൈദരാബാദ് ഫോറന്‍സിക്ക് ലാബില്‍ നിന്നും ഇനിയും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ടാണ് ജോളി ജാമ്യഹര്‍ജി നല്‍കിയത്.

ഒക്ടോബര്‍ നാലിന് അന്വേഷണ സംഘം സെമിത്തേരിയിലെ കല്ലറകള്‍ നീക്കിയതിന് പിന്നാലെയായിരുന്നു ജോളിയുടെ അറസ്റ്റ്. ജോളിക്ക് പിന്നാലെ ഇവര്‍ക്കു സയനൈഡ് എത്തിച്ചു നല്‍കിയ ബന്ധു മഞ്ചാടിയില്‍ എംഎസ് മാത്യു, സ്വര്‍ണപ്പണിക്കാരനായ പ്രജികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി അഡ്വ. സി വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധക്കേസില്‍ പ്രതി ചേര്‍ത്തു.ജോളിക്കെതിരായ എല്ലാ കേസുകളുടേയും വിചാരണ കോഴിക്കോട് പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ ജോളിക്ക് ജാമ്യം നല്‍കരുതെന്നും സ്ത്രീ എന്ന യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത പ്രതിയാണ് ജോളി എന്നുമുള്ള പ്രോസിക്യൂഷന്‍ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ തോമസ് (58), മകന്‍ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എംഎം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകള്‍ ആല്‍ഫൈന്‍ (2), ഷാജു സ്‌കറിയയുടെ ഭാര്യ സിലി (44) എന്നിവര്‍ കൊല്ലപ്പട്ട കേസിലെ ഒന്നാം പ്രതിയാണ് ജോളി. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്റെ മകന്‍ റോജോ തോമസ് 2019 ജൂലൈയിലാണ് കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കുന്നത്.

Top