മെഡിക്കല്‍ കോളേജ് ബില്‍ ; ഭരണ പ്രതിപക്ഷ കക്ഷികള്‍ സഹകരിച്ചത് നാണക്കേടെന്ന് കണ്ണന്താനം

alphons kannanthanam

ചെങ്ങന്നൂര്‍: വിവാദ മെഡിക്കല്‍ കോളേജ് ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഭരണ പ്രതിപക്ഷ കക്ഷികള്‍ സഹകരിച്ചത് കേരളത്തിന് നാണക്കേടാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

ഇതിനായി ഇരു മുന്നണികള്‍ക്കും വേണ്ടത്ര പ്രതിഫലം കിട്ടിയിട്ടുണ്ടാകുമെന്നും, പ്രതിപക്ഷം എന്ന നിലയിലുള്ള ധര്‍മ്മം നിറവേറ്റുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടെന്നും കണ്ണന്താനം പറഞ്ഞു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചതിനു ശേഷം സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കണ്ണന്താനം അറിയിച്ചു. ഇതിനായി 100 കോടിരൂപയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തില്‍ അയ്യപ്പഭക്തന്‍മാര്‍ക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ പേരുമാറ്റി നടപ്പാക്കാന്‍ മാത്രമാണ് പിണറായി സര്‍ക്കാരിന് സാധിക്കുന്നതെന്നും, കേരളത്തില്‍ ദളിതുകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.

Top