‘റിലീസിന് മുന്‍പെ ഗോള്‍ഡ് 40 കോടി കളക്ട് ചെയ്തു, ഇത് മറച്ചുവച്ചു, എന്നെ സഹായിച്ചില്ല’: അല്‍ഫോണ്‍സ് പുത്രന്‍

കൊച്ചി: കഴിഞ്ഞ ദിവസം ആണ് സംവിധായകൻ അൽഫോൺസ് പുത്രൻ ഇനി സിനിമകൾ ചെയ്യുന്നില്ലെന്ന് അറിയിച്ചത്. ഉടൻ തന്നെ ആ പോസ്റ്റ് വലിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമങ്ങളിൾ വ്യാപകമായി പ്രചരിച്ചു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടുപിടിച്ചെന്നും അൽഫോൺസ് പറ‍ഞ്ഞിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അല്‍ഫോണ്‍സ്.

നിവിന്‍ പോളിയുമായി ചേര്‍ന്ന് ആദ്യകാലത്ത് അല്‍ഫോണ്‍സ് ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിന്റെ ചിത്രം കഴിഞ്ഞ ദിവസം അല്‍ഫോണ്‍സ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. അതിന് അടിയില്‍ വന്ന ഒരു കമന്റിന് അല്‍ഫോണ്‍സ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഒരു പടം പൊട്ടിയാൽ ഇത്രയും ഡിപ്രസ്ഡ് ആവുന്നത് എന്തിനാണ് ബ്രോ, അങ്ങനെ ആണെങ്കിൽ ലാലേട്ടൻ ഒക്കെ ഇൻഡസ്ട്രിയിൽ കാണുമോ. ഒരു ഗോള്‍ഡ് പോയാൽ ഒൻപത് പ്രേമം വരും, തിരിച്ചുവരൂ എന്നാണ് മുരുകേഷ് എന്നയാള്‍ കമന്റ് ഇട്ടത്. ഇതിനാണ് അല്‍ഫോണ്‍സ് വലിയൊരു മറുപടി നല്‍കിയത്. സിനിമ പൊട്ടിയതല്ല പൊട്ടിച്ചതാണ് എന്നതടക്കം ആരോപണങ്ങളാണ് അല്‍ഫോണ്‍സ് ഉയര്‍ത്തുന്നത്.

അല്‍ഫോണ്‍സിന്റെ കമന്റ് ഇങ്ങനെയാണ് : ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്നം, പൊട്ടിയതല്ല. റിലീസിന് മുന്‍പെ 40 കോടി കളക്ട് ചെയ്ത വണ്‍ ആന്റ് ഓണ്‍ലി പൃഥ്വിരാജ് ഫിലിമാണ് ഗോള്‍ഡ്. സോ പടം ഫ്ലോപ്പല്ല. തീയറ്ററില്‍ ഫ്ലോപ്പാണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും, എന്നോട് കുറേ നുണകള്‍ പറഞ്ഞതും, എന്നില്‍ നിന്നും ആ എമൗണ്ട് മറച്ചുവച്ചതും. എന്നെ സഹായിക്കാത്തതുമാണ്. പുട്ടിന് പീരയിടും പോലെ ഒറ്റ വാക്ക് മാത്രം പറഞ്ഞു.

ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. ഈ സിനിമയില്‍ ഞാന്‍ ഏഴു ജോലികള്‍ ചെയ്തിരുന്നു. പ്രമോഷന്‍ ടൈംമില്‍ ആരോഗ്യ പ്രശ്നം ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. സോ ഗോള്‍ഡ് ഫ്ലോപ്പായത് തീയറ്ററില്‍ മാത്രം. തീയറ്ററില്‍ നിന്നും പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്ന് അന്‍വറിക്ക പറഞ്ഞിട്ടുണ്ട്. പിന്നെ തീയറ്റര്‍ ഓപ്പണ്‍ ചെയ്ത് ആള്‍ക്കാരെ കൂവിച്ച മഹാനും, മഹാന്റെ കൂട്ടരും ഒക്കെ പെടും, ഞാന്‍ പെടുത്തും – അല്‍ഫോണ്‍സ് പുത്രന്‍ മറുപടി പറഞ്ഞു.

Top