മണ്ഡലം മാറി വോട്ട് ചോദിച്ച്‌ കണ്ണന്താനം ! എത്തിയത് ചാലക്കുടിയില്‍

കൊച്ചി: എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന് ആദ്യ ദിവസം പ്രചരണത്തിനിറങ്ങിയപ്പോൾ തന്നെ മണ്ഡലം മാറിപ്പോയി. നെടുമ്പാശ്ശേരിയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാ മദ്ധ്യേ ചാലക്കുടി ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായ ആലുവയില്‍ ഇറങ്ങിയാണ് അല്‍ഫോണ്‍സ് കണ്ണന്താനം വോട്ടഭ്യര്‍ഥിച്ചത്.

കൂടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലം മാറിയെന്ന് അറിയിച്ചപ്പോ‍ഴാണ് തനിക്ക് അബദ്ധം പറ്റിയെന്ന് കണ്ണന്താനത്തിന് മനസ്സിലായത്. അമളി തിരിച്ചറിഞ്ഞ കണ്ണന്താനം പിന്നീടുള്ള വോട്ടഭ്യര്‍ഥന ചാലക്കുടിയിലെ ബി ജെ പി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനു വേണ്ടിയാക്കി.

പ്രചരണത്തിനിറങ്ങിയ മണ്ഡലം മാറിപ്പോയെങ്കിലും എറണാകുളം മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തുന്നത് താനായിരിക്കുമെന്ന് അവകാശപ്പെട്ടാണ് അൽഫോൺസ് കണ്ണന്താനം മടങ്ങിയത്. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ പ്രവർത്തകരൊരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് കണ്ണന്താനം അദ്യ ദിനം പ്രചരണം അവസാനിപ്പിച്ചത്.

സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് അൽഫോൺസ് കണ്ണന്താനം ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും കെഎസ്ആർടിസി ബസിലായിരുന്നു മണ്ഡലത്തിലേക്കുള്ള യാത്ര.

Top