രണ്ട് ദിവസത്തെ സ്വീകരണ പരിപാടികള്‍ റദ്ദാക്കി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയിലേക്ക്

alphonse kannanthanam

കോട്ടയം: കേരളത്തിലെ രണ്ട് ദിവസത്തെ സ്വീകരണ പരിപാടികള്‍ റദ്ദാക്കി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡല്‍ഹിയിലേക്ക് മടങ്ങുന്നു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഡല്‍ഹിക്ക് പോകുന്നതിനാലാണ് സ്വീകരണപരിപാടികളില്‍ മാറ്റം വരുത്തിയത്.

12, 13 തീയതികളില്‍ കോട്ടയം ജില്ലയില്‍ ഒരുക്കിയിരുന്ന സ്വീകരണ പരിപാടികളാണ് റദ്ദാക്കിയത്. ഡല്‍ഹിയില്‍ നിന്നും കണ്ണന്താനം 13ാം തീയതി മടങ്ങിയെത്തും.

അതേസമയം, കാഞ്ഞിരപ്പള്ളി പൗരാവലി 15 ന് ജന്മനാട്ടില്‍ മന്ത്രിക്ക് നല്‍കുന്ന പൗര സ്വീകരണം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് വിവരം. അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

വൈദ്യുത മന്ത്രി എം.എം. മണി, ആന്റോ ആന്റണി എംപി, പി.ജെ. ജോസഫ് എംഎല്‍എ, എന്‍. ജയരാജ് എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എമാരായ കെ.ജെ. തോമസ്, ജോര്‍ജ് ജെ. മാത്യു, ബിജെപി സംസ്ഥാനജില്ലാ നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

തുടര്‍ന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ കൗണ്‍സിലിലെ ബിഷപ്പുമാരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. 16 ന് തിരുവനന്തപുരത്തും മന്ത്രിക്ക് ബിജെപി സ്വീകരണം നല്‍കുന്നുണ്ട്.

Top