അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സ്വന്തം നാട്ടില്‍ ജനകീയ പിന്തുണയില്ലെന്ന് ബിജെപി എംഎല്‍എ

രാജസ്ഥാന്‍ ; കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ രംഗത്ത്.

രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് കണ്ണന്താനം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് അന്യായമാണെന്ന് ബിജെപി എംഎല്‍എ ഘനശ്യാം തിവാരി പറഞ്ഞു.

സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇതുമൂലം നിര്‍ബന്ധിതരായെന്നും തിവാരി വിമര്‍ശിച്ചു.

സ്വന്തം നാട്ടില്‍ ജനകീയ പിന്തുണയില്ലാത്തവര്‍ ഇവിടെ വന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് അന്യായമാണെന്നും തിവാരി തുറന്നടിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളിലെ ജനകീയ പിന്തുണയില്ലാത്ത ചില നേതാക്കള്‍ക്ക് രാജ്യസഭ ഒരു സുരക്ഷിത കേന്ദ്രമാണെന്നും, ഇവരില്‍ മിക്കവര്‍ക്കും അവരവരുടെ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട് ഒരു കൌണ്‍സിലറോ എംഎല്‍എയോ ആകാന്‍ ശേഷിയില്ലാത്തവരായിരിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജസ്ഥാനില്‍ നിന്ന് കണ്ണന്താനം രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് തിവാരിയുടെ ആരോപണങ്ങള്‍.

Top