അമ്മയുടെ മരണകാരണം കോവിഡല്ലെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

alphones kannanthananm

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചെങ്കിലും അത് ഭേദമായ ശേഷമാണ് അമ്മ മരിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണന്താനത്തിന്റെ അമ്മ മരിച്ചത് കോവിഡ് മൂലമാണെന്നും ഇത് മറച്ചുവെച്ച് അമ്മയുടെ മൃതദേഹം കേരളത്തിലെത്തിച്ച് സംസ്‌കാരം നടത്തിയെന്നും ആരോപിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ രംഗത്തെത്തിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ

മെയ് 28-ന് അമ്മയെ കോവിഡ് പോസിറ്റീവായി ഡല്‍ഹിയില്‍ എയിംസില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ജൂണ്‍ അഞ്ചിന് നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ കോവിഡ് നെഗറ്റീവായി. ജൂണ്‍ 10-ന് വീണ്ടും എയിംസില്‍ തന്നെ പരിശോധന നടത്തി. അതിലും ഫലം നെഗറ്റീവായിരുന്നു.

ജൂണ്‍ അഞ്ചിന് തന്നെ കോവിഡ് മുക്തയായെങ്കിലും പ്രധാന അവയങ്ങളെ രോഗം മോശമായി ബാധിച്ചു. വൃക്കകള്‍ തകരാറിലാകുകയും ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കോവിഡിനെ തുടര്‍ന്നാണ് മരണം എന്ന് പറയുന്നത് തെറ്റാണ്. ഒരാള്‍ കാര്‍ അപകടത്തെ തുടര്‍ന്ന് തലച്ചോറിന് പരിക്ക് സംഭവിക്കുകയും മരിക്കുകയും ചെയ്താല്‍ നമ്മള്‍ അയാള്‍ തലച്ചോറിലുണ്ടായ ക്ഷതമാണ് മരണകാരണം എന്നാണോ അതോ കാര്‍ അപകടം എന്നാണോ പറയുക. തീര്‍ച്ചയായും കാര്‍ അപകടം എന്നാകും പറയുക.

എന്റെ അമ്മ 91-ാം വയസ്സിലും നല്ല ആരോഗ്യവതിയായിരുന്നു. കോവിഡിനെ തുടര്‍ന്ന് അവയവങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ഒരു വ്യക്തി, പേര് പോലും പരാമര്‍ശിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത ആള്‍, ജീവിതകാലം മുഴുവന്‍ സമൂഹത്തില്‍ ബ്ലാക്ക്മെയില്‍ ചെയ്ത് ജീവിച്ചയാള്‍…. ഞങ്ങളെ വെറുതെ വിടൂ. വിശക്കുന്നവര്‍ക്ക് അന്നമൂട്ടാനുള്ള ‘മദേഴ്സ് മീല്‍’ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു. പരിശോധനാ ഫലത്തിന്റെ പകര്‍പ്പും അദ്ദേഹം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Top