വിക്രത്തിനൊപ്പം കോബ്രയിൽ വില്ലനായി റോഷൻ മാത്യുവും

വിക്രം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ‘കോബ്ര’യുടെ ട്രെയ്‌ലർ പുറത്തിറക്കി. ഒരു ആക്ഷൻ മിസ്റ്ററി ചിത്രമായിരിക്കും കോബ്ര എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഓഗസ്റ്റ് 31 നാണ് റിലീസ് ചെയ്യുക. ആകാംഷയും ആവേശവും നിറക്കുന്ന ട്രെയിലറിന്റെ പ്രധാന ആകർഷണം വിക്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകളാണ്. വിക്രം വ്യത്യസ്ത ലുക്കുകളില്‍ എത്തുന്ന ചിത്രം തിയേറ്ററുകളില്‍ ആവേശം നിറക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മാമുക്കോയ, മിയ ജോർജ് എന്നിവരും കോബ്രയിൽ ഉണ്ട്. ട്രെയ്‌ലറിൽ റോഷൻ മാത്യുവിനെ കണ്ടതോടെ ആരാധകരും ആവേശത്തിലാണ്. ട്രെയിലറിന് താഴെയും റോഷനെ കണ്ടതിന്റെ ആവേശം പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ബോളിവുഡ് ചിത്രം ഡാർലിംഗ്‌സിലും റോഷൻ ശ്രദ്ധേയമായ കഥാപാത്രം കൈകാര്യം ചെയ്തിരുന്നു.

കൂടാതെ വൻ താരനിര തന്നെ കോബ്രയിൽ അണിനിരക്കുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയിക്കുന്ന ആദ്യചിത്രമാണ് കോബ്ര. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. റോബോ ശങ്കർ, കെ.എസ്. രവികുമാർ, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ​ഗോവിന്ദരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എ. ആര്‍ റഹ്‌മാന്‍ ആണ് ‘കോബ്ര’യുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Top