അല്ലുവിന്റെ ‘പുഷ്പ’ ടീസര്‍; 24 മണിക്കൂറിനിടെ കണ്ടത് 25 ദശലക്ഷത്തിലധികം പേര്‍

തെലുങ്ക് സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പയുടെ ടീസര്‍. ‘പുഷ്പ രാജിനെ അവതരിപ്പിക്കുന്നു’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാരക്ടര്‍ ടീസര്‍ വെറും 24 മണിക്കൂറിനുള്ളില്‍ 25 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും രാധേശ്യാമിന്റെയുമെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ തകര്‍ത്തതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോളിവുഡില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോയായി പുഷ്പയുടെ ക്യാരക്ടര്‍ ടീസര്‍ മാറി. ടീസര്‍ ഇതുവരെ 37 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഓഗസ്റ്റ് 13 നാണ് പുഷ്പ റിലീസ് ചെയ്യുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

തെലുങ്കില്‍ ചിത്രീകരിക്കുന്ന പുഷ്പ തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭഷകളിലും റിലീസ് ചെയ്യും. സുകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അല്ലു അര്‍ജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

 

Top